ഈ വര്‍ഷം പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ഹോളിവുഡ് ചിത്രം ‘ബ്രൈഡ് വാര്‍സ്’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ഈ സിനിമയുടെ ഹിന്ദി റീമേക്കില്‍ കത്രീന കൈഫും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച റൊമാന്‍റിക് കോമഡിയായി വിലയിരുത്തപ്പെടുന്ന ബ്രൈഡ് വാര്‍സ് സംവിധാനം ചെയ്തത് ഗാരി വിനിക് ആണ്.
ജനുവരി ഒമ്പതിന് റിലീസായ ബ്രൈഡ് വാര്‍സ് നിരൂപകരുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായ ചിത്രമാണ്. നിരൂപകരുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഈ വര്‍ഷം നേരിടേണ്ടി വന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ബോക്സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ബ്രൈഡ് വാര്‍സ് നേടിയത്. കേറ്റ് ഹഡ്സണും, ആനി ഹാത്‌വേയുമായിരുന്നു നായികമാര്‍.
മാന്‍ഹാട്ടനിലെ അഭിഭാഷകയായ ലിവും സ്കൂള്‍ ടീച്ചറായ എമ്മയും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. ഒരേ ദിവസമാണ് അവര്‍ അവരുടെ ബോയ്‌ഫ്രണ്ട്സിനോട് പ്രണയം വെളിപ്പെടുത്തുന്നത്. അവരുടെ കല്യാണം പ്ലാസ ഹോട്ടലില്‍ വച്ച് നടത്താനും ആലോചിക്കുന്നു. എന്നാല്‍ ചില ധാരണപ്പിശകുകള്‍ മൂലം, ഇരുവരുടെയും കല്യാണം ഒരേ ദിവസം ഒരേ സമയം നടത്താനാണ് തീരുമാനിക്കപ്പെട്ടത്. തീയതിയോ സമയമോ മാറ്റാന്‍ ഇരുവരും തയ്യാറാകുന്നില്ല. ഇതോടെ എമ്മയും ലിവും ശത്രുക്കളായി മാറുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ‘ബ്രൈഡ് വാര്‍സ്’ പറയുന്നത്.
ഈ സിനിമയാണ് ഇപ്പോള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. നമ്പര്‍ വണ്‍ സ്ഥാനത്തേക്ക് മത്സരിച്ചുകൊണ്ടിരിക്കുന്ന കത്രീനയും പ്രിയങ്കയും ഒരുമിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. സൃഷ്ടി ആര്യയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ തുകയ്ക്കാണ് സൃഷ്ടി ആര്യ ബ്രൈഡ് വാര്‍സിന്‍റെ അവകാശം വാങ്ങിയിരിക്കുന്നത്. നവംബറില്‍ ചിത്രീകരണം ആരംഭിക്കും.