ദുരൂഹത നിറഞ്ഞ വാര്‍ത്തകളുടെ വീഡിയോ ഫൂട്ടേജുകള്‍ അപ്‌ലോഡുചെയ്യുന്ന ‘ലൈവ് ലീക്ക്’ എന്ന വീഡിയോ ഷെയറിംഗ് സൈറ്റില്‍ മൈക്കേല്‍ ജാക്സന്‍ ജീവനോടെ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് വീഡിയോ പ്രത്യക്ഷപ്പെട്ടു. ഏകദേശം 26 മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ജാക്സന്‍ മരിച്ചിട്ടില്ലെന്നും പൊതുജനങ്ങളെ കബളിപ്പിച്ച് എവിടെയോ ഒളിവില്‍ കഴിയുകയുമാണെന്നാണ് വീഡിയോ അപ്‌ലോഡുചെയ്ത ആളുടെ വാദം.
ഏതോ അണ്ടര്‍ഗ്രൌണ്ട് ഗേരേജില്‍ എടുത്തിട്ടുള്ളതാണ് ഈ ഫൂട്ടേജ്. വെള്ള നിറത്തിലുള്ള ഒരു വാന്‍ വന്നുനില്‍ക്കുന്നതും മൈക്കേല്‍ ജാക്സന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ വാനില്‍ നിന്നിറങ്ങി ഒരു വാതിലിലൂടെ അപ്രത്യക്ഷമാവുന്നതുമാണ് ഈ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
‘വിശ്വസനീയമായ കേന്ദ്ര’ത്തില്‍ നിന്നാണ് ഈ വീഡിയോ ലഭിച്ചതെന്ന് അപ്‌ലോഡുചെയ്തിരിക്കുന്ന യൂസര്‍ അവകാശപ്പെടുന്നു. മൈക്കേല്‍ ജാക്സന്റെ ശവശരീരം വഹിച്ചുകൊണ്ടുപോയ വാനിന്റെ അതേ നമ്പറാണ് വീഡിയോയിലുള്ള വാനിനെന്നും അതിനാല്‍ തന്നെ മൈക്കേല്‍ ജാക്സന്‍ ജീവിച്ചിരിപ്പുണ്ടെന്നും ആണ് യൂസറിന്റെ വാദം.
വീഡിയോയില്‍ കാണുന്ന ആള്‍ക്ക് മൈക്കേല്‍ ജാക്സനോട് രൂപസാദൃശ്യം ഉണ്ട്. ജാക്സന്റേത് പോലുള്ള നീണ്ട മുടിയും ഉണ്ട്. എന്നാല്‍ ഇത് ജാക്സനാണെന്നതിന് ഇത്രയും തെളിവുകള്‍ പോരാ എന്ന് ‘ലൈവ് ലീക്കി’ലെ മറ്റ് യൂസര്‍മാര്‍ പറയുന്നു. ഒപ്പം, വാനിന്റെ നമ്പറൊന്നും വീഡിയോയില്‍ കാണാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു.
മരിച്ചുപോയെന്ന് നമ്മള്‍ വിശ്വസിക്കുന്ന എല്‍വിസ് പോലുള്ള മറ്റ് സംഗീതജ്ഞര്‍ക്കൊപ്പം മൈക്കേല്‍ ജാക്സന്‍ പുതിയൊരു ആല്‍ബത്തിന്റെ പണിപ്പുരയിലാണെന്ന് ഒരു യൂസര്‍ ഈ വീഡിയോയെ കളിയാക്കി കമന്റിട്ടിട്ടുണ്ട്.
ദൃശ്യമാധ്യമങ്ങളെല്ലാം ജാക്സന്‍ ജീവിച്ചിരിപ്പുണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ ആവേശപൂര്‍വം കാണിച്ചുകൊണ്ടിരിക്കുകയാണ്. ‘ലൈവ് ലീക്ക്’ എന്ന സൈറ്റിലേക്ക് ജാക്സന്‍ ആരാധകര്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. സൈറ്റിന് ഹിറ്റ് കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് ചില വിമര്‍ശകര്‍ പറയുന്നുണ്ട്. ആരാധകരുടെ അഭ്യര്‍ത്ഥനയെ മാനിച്ച്, ഈ വീഡിയോയുടെ വിശ്വസനീയത വിശകലനം ചെയ്യുമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.