അതെ, ജോണി ഡെപ്പിന്റെ ജനപ്രിയ കഥാപാത്രമായ 'ജാക്ക് സ്പാരോ' വീണ്ടും പ്രേക്ഷകരെ തേടിയെത്തുന്നു, പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന സിനിമയുടെ നാലാം ഭാഗത്തിലൂടെ. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ പൈറേറ്റ്സ് ഓഫ് കരീബിയന്റെ മൂന്ന് ഭാഗങ്ങള്‍ക്ക് ശേഷം, വാള്‍ട്ട് ഡിസ്നി സിനിമയുടെ നാലാം ഭാഗം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്. 2011ല്‍ ഈ സിനിമ നമ്മളെ തേടിയെത്തും. രണ്ടായിരത്തിപ്പതിനൊന്നിലാണ് ഈ സിനിമ തീയേറ്ററുകളില്‍ എത്തുക.
ഒട്ടേറെ പുതുമകളുമായാണ് പൈറേറ്റ്സ് ഓഫ് കരീബിയന്റെ നാലാം ഭാഗമെത്തുന്നത്. ജാക്ക് സ്പാരോയെ അവതരിപ്പിച്ച ജോണി ഡെപ്പിനോടൊപ്പം ക്യാപ്റ്റന്‍ ബോര്‍ബോസയെ അവതരിപ്പിച്ച ജ്യോഫ്രി റഷും നാലാം ഭാഗത്തില്‍ ഉണ്ടാവും എന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ വില്‍ ടേണറെ അവതരിപ്പിച്ച ഒര്‍ലാണ്ടോ ബ്ലൂം സിനിമയില്‍ ഉണ്ടാവില്ലെന്നാണ് അറിയുന്നത്. എലിസബത്ത് സ്വാനെ അവതരിപ്പിച്ച കൈറ ക്രിസ്റ്റിന നൈറ്റ്‌ലിയും സിനിമയില്‍ ഉണ്ടാവില്ല.
പ്രേക്ഷകരുടെ മുന്നില്‍ കടല്‍ക്കൊള്ളക്കാരുടെ ‘മിസ്റ്റീരിയസ്’ കഥ അവതരിപ്പിച്ച പൈറേറ്റ്സ് ഓഫ് കരീബിയന്റെ ആദ്യ ഭാഗം ഇറങ്ങിയത് രണ്ടായിരത്തിമൂന്നിലാണ്. കടല്‍ക്കൊള്ളക്കാരുടെ ഒരു ‘സീരിയസ്’ സിനിമ എടുക്കാനായിരുന്നു വാള്‍ട്ട് ഡിസ്നിയുടെയും സംവിധായകന്‍ ഗോര്‍ വെര്‍ബിന്‍സ്കിയുടെയും ശ്രമം. എന്നാല്‍ സംവിധായകന് മുന്നില്‍ തമാശക്കാരനായ ഒരു കടല്‍ക്കൊള്ളക്കാരനെ ‘ഇംപ്രൊവൈസ്’ ചെയ്ത് അവതരിപ്പിച്ച് കാണിക്കുകയായിരുന്നു നടന്‍ ജോണി ഡെപ്പ്.
ജോണി ഡെപ്പിന്റെ ഈ ആവിഷ്കാരത്തിന് വാള്‍ട്ട് ഡിസ്നി ആദ്യം സമ്മതം നല്‍കിയില്ലെങ്കിലും സംവിധായകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വഴങ്ങി. തുടര്‍ന്ന് ജോണി ഡെപ്പിന്റെ കഥാപാത്രം സിനിമയെ മൊത്തം തിന്നുകളഞ്ഞത് നമുക്ക് അറിവുള്ള കഥയാണ്. സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ജോണി ഡെപ്പെന്ന അതുല്യ നടന് വേണ്ടി മാത്രം ഉണ്ടായ സിനിമകളാണ്. സിനിമയുടെ രണ്ടാം ഭാഗവാമട്ടെ, ഇന്ത്യയിലടക്കം വന്‍ കളക്ഷന്‍ റെക്കോര്‍ഡ് ഉണ്ടാക്കി.
സിനിമയുടെ നാലാം ഭാഗത്തില്‍ വലിയൊരു ‘സര്‍പ്രൈസ്’ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. സിനിമയുടെ മൂന്ന് ഭാഗങ്ങളും സംവിധാനം ചെയ്ത ഗോര്‍ വെര്‍ബിന്‍സ്കി നാലാം ഭാഗം സംവിധാനം ചെയ്യാന്‍ തയ്യാറല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു സംവിധായകനാണ് നാലാം ഭാഗം അഭ്രപാളികളിലാക്കുക എന്നതാണ് ഈ സര്‍പ്രൈസ്. ആറ് ഓസ്കാറുകള്‍ നേടിയെടുത്ത ചിക്കാഗോ എന്ന സിനിമയുടെ അമരക്കാരന്‍ റോബ് മാര്‍ഷലാണ് ഈ നാലാം ഭാഗം സംവിധാനം ചെയ്യുക.
ബിഗ് ബജറ്റ് ചിത്രമായാണ് വാള്‍ട്ട് ഡിസ്നി ഈ സിനിമ ഒരുക്കുന്നത്. മൂന്ന് ഭാഗങ്ങളില്‍ നിന്നായി, ഇതുവരെ 2.6 ബില്യണ്‍ ഡോളര്‍ കളക്‌റ്റ് ചെയ്ത പൈറേറ്റ്സ് ഓഫ് കരീബിയന് നാലാം ഭാഗം വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജോണിയുടെ 'ജാക്ക് സ്പാരോ' ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് ലോകമെമ്പാടുമുള്ള ഡെപ്പ് ആരാധകരുടെ പ്രതീക്ഷ.