സ്വര്‍ഗ്ഗത്തിലേക്ക് നടന്ന് മറഞ്ഞ അമേരിക്കന്‍ പോപ് ഇതിഹാസം മൈക്കല്‍ ജാക്സണ്‍ തന്‍റെ അവസാന കാലത്ത് വായിച്ചിരുന്നത് മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ കവിതകളാണെന്ന് വെളിപ്പെടുത്തല്‍.
ജാക്സണ്‍ എന്ന സംഗീത രാജാവ് ഗുരുസ്ഥാനം നല്‍കിയിരുന്ന ഇന്ത്യന്‍ വംശജനായ അടുത്ത സുഹൃത്ത് ദീപക് ചോപ്രയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ജാക്സന്‍റെ പെട്ടെന്നുള്ള വേര്‍പാടിനെ കുറിച്ച് എഴുതിയ അനുശോചന കുറിപ്പിലാണ് ജാക്സന്‍റെ അവസാന നാളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നോട് സംസാരിക്കുമ്പോള്‍ രവീന്ദ്രനാഥ ടാഗോറിന്‍റെ കവിതകള്‍ വായിക്കുകയാണെന്ന് പറഞ്ഞിരുന്നു എന്ന് ദീപക് പറയുന്നു. ഇരുവരുടെയും സുഹൃദ് ബന്ധത്തിന് കഴിഞ്ഞ 20 വര്‍ഷങ്ങളുടെ കഥകളാണ് പറയാനുള്ളത്.
എങ്കിലും അവസാന ദിനങ്ങളില്‍ ഇരുവരെയും സംസാരിക്കാന്‍ വിധി തടസ്സം നിന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജാക്സണ്‍ ദീപക്കിനെ വിളിച്ചിരുന്നു എങ്കിലും ആ സമയം കോള്‍ എടുത്തിരുന്നില്ല. “നിങ്ങളോട് പറയാന്‍ ചില നല്ലവാര്‍ത്തകളുണ്ട്” എന്ന ശബ്ദ സന്ദേശവും ജാക്സണ്‍ നല്‍കിയിരുന്നു.
എന്നാല്‍, ജാക്സണെ തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു എന്നും ദീപക് ദു:ഖത്തോടെ ഓര്‍ക്കുന്നു. പ്രകൃതിയെ കുറിച്ചുള്ള ഒരു ഗാനം രചിക്കുന്നതിന്‍റെ തിരക്കിലായിരുന്നു ജാക്സണ്‍. മുമ്പ് പലപ്പോഴും ചെയ്തിട്ടുള്ളപോലെ രചനയില്‍ തന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായും ദീപക് പറയുന്നു.
1988 ല്‍ ഒരു പുസ്തകത്തിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് ദീപക് ജാക്സണെ പരിചയപ്പെട്ടത്. അന്നുമുതല്‍ അവസാന കാലം വരെ ഇരുവരും ആ ബന്ധം തുടര്‍ന്നു. തന്‍റെ സുഹൃത്ത് അധോമുഖനും നാണംകുണുങ്ങിയുമായിരുന്നു എന്ന് പറയുന്ന ദീപക് ജാക്സണെ ‘നൈര്‍മ്മല്യമുള്ളവന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.