അമേരിക്കയുടെ പൊതുശത്രുക്കള്‍ ജൂലൈ ഒന്നിന് രംഗത്തെത്തുന്നു. രക്തം മരവിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ക്രിമിനലുകളാണ് ഇവര്‍. ഇവരെ അമര്‍ച്ച ചെയ്യാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തീരുമാനിക്കുന്നതോടെ ചോരക്കളി തുടങ്ങുകയായി.
PRO
PRO
മൈക്കല്‍ മാന്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ‘പബ്ലിക് എനിമീസ്’ ജൂലൈ ഒന്നിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. വലിയ താരങ്ങളുടെ ഒരു സംഗമം എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിലെ നായകന്‍ ജോണി ഡെപ്പ് ആണ്. തുല്യ വേഷത്തില്‍ തന്നെ ഡാര്‍ക്ക് നൈറ്റ് ഫെയിം ക്രിസ്റ്റിയന്‍ ബാലേയും അഭിനയിക്കുന്നു. ഷന്നിംഗ് റ്റേറ്റം, സ്റ്റീഫന്‍ ഗ്രഹാം തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ് ബി ഐയുടെ ജനനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടേത്. 1933 - 34 കാലഘട്ടത്തിലേക്കാണ് ഈ സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോവുക.
അമേരിക്കയിലെ അധോലോകങ്ങളുടെ രാജകുമാരനായ ജോണ്‍ ഡില്ലിന്‍ജറായാണ് ജോണി ഡെപ്പ് അഭിനയിക്കുന്നത്. ഡില്ലിന്‍ജെറിനെ ആര്‍ക്കും തടയാനാകില്ല. ഒരു ജയിലിനും അയാളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുമില്ല. ഇവിടെ അയാള്‍ പറയുന്നതാണ് നിയമം. അല്ലെങ്കില്‍ അയാള്‍ തന്നെയാണ് നിയമം.
ഡില്ലിന്‍ജറിനെ അമേരിക്കയുടെ ആദ്യ പൊതുശത്രുവായി പ്രഖ്യാപിച്ച് മെല്‍വിന്‍ പര്‍വീസ് എന്ന എഫ് ബി ഐ ഏജന്‍റ് തന്‍റെ ക്രിമിനല്‍ വേട്ട ആരംഭിക്കുന്നതോടെ തീയേറ്ററുകള്‍ ചൂടുപിടിക്കും. പിന്നീടുണ്ടാകുന്ന സംഘര്‍ഷഭരിതമായ സംഭവങ്ങളിലൂടെയാണ് ഈ ആക്ഷന്‍ ഡ്രാമ കടന്നു പോകുന്നത്. മെല്‍വിന്‍ പര്‍വീസിനെ അവതരിപ്പിക്കുന്നത് ക്രിസ്റ്റിയന്‍ ബാലേയാണ്.
‘പൈറേറ്റ്സ് ഓഫ് കരീബിയന്‍: അറ്റ് വേള്‍ഡ്സ് എന്‍ഡി’നു ശേഷം ജോണി ഡെപ്പിന് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് പബ്ലിക് എനിമീസ്. ഡെപ്പിന്‍റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി ഈ സിനിമയിലെ അധോലോകനായകന്‍ മാറുമെന്നാണ് ഹോളിവുഡിന്‍റെ പ്രതീക്ഷ. ‘ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍’ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ഹിറ്റിന് വേണ്ടി ദാഹിക്കുന്ന ക്രിസ്റ്റിയന്‍ ബാലേയും ഈ സിനിമയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
ഓസ്കര്‍ ജേതാവായ മരിയന്‍ കോട്ടിലാര്‍ഡ് ആണ് ചിത്രത്തിലെ നായിക. ഡില്ലിന്‍ജറിന്‍റെ കാമുകിയായ ബില്ലി ഫ്രെഷറ്റ് എന്ന കഥാപാത്രത്തെയാണ് മരിയന്‍ അവതരിപ്പിക്കുന്നത്.
കൊളാറ്ററല്‍, ദി ഇന്‍സൈഡര്‍, ഹീറ്റ്, മിയാമി വൈസ്, ദി കീപ്, തീഫ്, ദി ലാസ്റ്റ് ഓഫ് ദി മോഹികാന്‍സ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെടുത്ത മൈക്കല്‍ മാനിന്‍റെ ഏറ്റവും പുതിയ പരീക്ഷണമാണ് പബ്ലിക് എനിമീസ്. ബ്രയാന്‍ ബുറോയുടെ ‘പബ്ലിക് എനിമീസ്: അമേരിക്കാസ് ഗ്രേറ്റസ്റ്റ് ക്രൈം വേവ് ആന്‍റ് ദി ബര്‍ത്ത് ഓഫ് ദി എഫ്ബിഐ’ എന്ന പുസ്തകത്തെ അധികരിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
സംവിധായകന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന പബ്ലിക് എനിമീസ് യൂണിവേഴ്സല്‍ പിക്ചേഴ്സാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. എണ്‍പത് മില്യണ്‍ ഡോളറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്.