ബ്രിട്ടീഷ് നടിയും ‘സ്പൈഡര്‍മാന്‍ - 3’ എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹരവുമായ ലൂസി ഗോര്‍ഡന്‍(28) ആത്മഹത്യ ചെയ്തു. പാരിസിലെ അവരുടെ അപ്പാര്‍ട്ടുമെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വലിയ താരമായേക്കാവുന്ന നടിയായാണ് ലൂസി ഗോര്‍ഡന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇന്നലെ അവരുടെ ജഡം കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും ഹോളിവുഡ്.
ലൂസി ഗോര്‍ഡന്‍റെ ഒരു ആണ്‍സുഹൃത്താണ് അവരുടെ മൃതദേഹം ആദ്യമായി കണ്ടത്. അയാള്‍ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചതും. ലൂസിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലൂസി സ്വയം ജീവനൊടുക്കിയതാണെന്നാണ് അവരുടെ ഏജന്‍റ് ജീന്‍ ലൂയിസ് ഡയമോണിക്കയും പറയുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
ലൂസിയുടെ ഇരുപത്തൊമ്പതാം ജന്‍മദിനത്തിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. സ്പൈഡര്‍മാന്‍റെ വന്‍ വിജയത്തിന് ശേഷം ഒട്ടേറെ വന്‍ അവസരങ്ങള്‍ ലൂസിയെ തേടി വന്നിരുന്നു. ഫ്രഞ്ച് സാംസ്കാരികലോകത്തിന്‍റെ മുഖമായ സെര്‍ജ് ഗെയ്‌ന്‍സ് ബെര്‍ഗിന്‍റെ ഭാര്യയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി അടുത്തിടെ അവര്‍ ഒരു സിനിമയില്‍ അഭിനയിച്ചു.
റൊമാന്‍റിക് കോമഡിയായ ‘ദി റഷ്യന്‍ ഡോള്‍സ്’ എന്ന ചിത്രത്തില്‍ ലൂസി നായികയായി. പെര്‍ഫ്യൂം എന്ന സിനിമയിലും മികച്ച ഒരു കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്. ഓക്സ്ഫോര്‍ഡില്‍ ജനിച്ച ലൂസിയ അടുത്തകാലത്താണ് ഫ്രാന്‍സിലേക്ക് താമസം മാറ്റിയത്.