കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ് ബെക്കാം, പാരിസ് ഹില്‍ട്ടണ്‍ എന്നിവരടങ്ങുന്ന ഹോളിവുഡ് സെലിബ്രിറ്റികളുടെ ലീഗിലേക്ക് മല്ലിക ഷെരാവത്തും ചേരുന്നു. അതെ, ഇവരെപ്പോലെതന്നെ മല്ലികയുടെ പേരിലും ഒരു മില്‍ക്ക് ഷെയ്ക്ക് ഹോളിവുഡില്‍ ഒരു കമ്പനി ഇറക്കിയിരിക്കുകയാണ്.
‘മല്ലിക ഷെയ്ക്ക്’ എന്നാണ് ഇതിന്‍റെ പേര്. മില്‍ക്ക് ഷെയ്ക്ക് ഇറങ്ങിയതോടെ ബോളിവുഡിലെ ഈ ഹോട്ട് ഗേള്‍ ഹോളിവുഡിലും ആരാധകലക്ഷങ്ങളെ സൃഷ്ടിച്ചിരിക്കുകയാണ്.
ബ്ലൂബെറി, രാസ്പ് ബെറി, ബ്ലാക് ബെറി, സ്ട്രോബെറി, ചോക്ലേറ്റ് തുടങ്ങി വിവിധയിനം മല്ലിക ഷെയ്ക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. മില്‍ക്ക് ഷെയ്ക്കിന് മുകളില്‍ പ്രത്യേക രുചിയുള്ള ഒരു ക്രീമും ഉള്‍പ്പെടുത്തി കൂടുതല്‍ ആസ്വാദ്യകരമായി മിന്നുകയാണ് മല്ലിക ഷെയ്ക്ക്.
സര്‍പ്പ സൌന്ദര്യത്താല്‍ ഹോളിവുഡിന്‍റെ മനം കവര്‍ന്ന മല്ലികയ്ക്ക് ചൈനയിലും ആരാധകരുണ്ട്. ദി മിത്ത് എന്ന ചൈനീസ് ചിത്രത്തില്‍ ഒരു ഇന്ത്യന്‍ രാജകുമാരിയായി മല്ലിക വേഷമിട്ടിരുന്നു.
ജന്നിഫര്‍ ചേംബേഴ്സ് ലിഞ്ചിന്‍റെ ‘ഹിസ്’ എന്ന ഇംഗ്ലീഷ് - ഹിന്ദി ഹൊറര്‍ ചിത്രത്തിന്‍റെ പ്രൊമോഷനായി അമേരിക്കയിലാണ് മല്ലിക ഷെരാവത്ത് ഇപ്പോള്‍. മല്ലിക ഒരു നാഗകന്യകയുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇര്‍ഫാന്‍ ഖാനും ഹിസില്‍ അഭിനയിക്കുന്നുണ്ട്.