സ്ലംഡോഗ് മില്യണയര്‍ സൃഷ്ടിച്ച തരംഗം സിനിമയിലെ നായിക ഫ്രീദാ പിന്‍റോയ്ക്കും ദേവ് പട്ടേലിനും ഹോളിവുഡില്‍ നേടിക്കൊടുത്ത അവസരങ്ങള്‍ ചെറുതല്ല. ഇപ്പോഴിതാ മറ്റൊരു താരത്തിന് കൂടി ഹോളിവുഡില്‍ തിരക്കേറുന്നു. ഇര്‍ഫാന്‍ഖാനാണ് ഹോളിവുഡിലെ തിരക്കുള്ള നടന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഹോളിവുഡിലെ പല വന്‍ കമ്പനികളുമായും ഇര്‍ഫാന്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. സ്ലംഡോഗ് താരം എന്ന ലേബല്‍ തന്നെ ഇര്‍ഫാന് വലിയ ഗുണമാണ് ഹോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഹോളിവുഡ് നായകന് അനുകൂലമായ ശരീരപ്രകൃതിയും മുഖവും ഇര്‍ഫാന് സഹായകമായിട്ടുണ്ട്.
ഹോളിവുഡ് പ്രൊജക്ടുകളോടൊപ്പം പാന്‍ സിംഗ് ടോമര്‍, ന്യൂയോര്‍ക്ക്, റൈറ്റ് യാ റോങ്ങ്, ആസിഡ് ഫാക്ടറി എന്നീ ഹിന്ദി ചിത്രങ്ങളും ഇര്‍ഫാന്‍ ഖാനെ കേന്ദ്രീകരിച്ച് രൂപം കൊള്ളുന്നുണ്ട്.
ഫോര്‍ബ്സ് പട്ടികയിലും ഇര്‍ഫാന്‍ ഇടം നേടി. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, ഐശ്വര്യാറായ് എന്നിവര്‍ക്കൊപ്പമാണ് ഇര്‍ഫാന്‍ഖാന്‍റേയും സ്ഥാനം. എണ്ണൂറ്റിയിരുപത്തഞ്ചാമതായാണ് പട്ടികയില്‍ ഇര്‍ഫാന്‍ഖാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1400 താരങ്ങളാണ് പട്ടികയിലുള്ളത്.