“പ്രിയപ്പെട്ട ബോബിക്കും ഫ്രെഡിക്കും, ഈ നിമിഷങ്ങള്‍ എനിക്ക് അമൂല്യമാണ്. സന്തോഷം നിറഞ്ഞു നിന്ന നമ്മുടെ ദിനങ്ങള്‍ എന്നും നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ വേണ്ടിയാണ് ഈ ആല്‍ബം” - അര്‍ബുദത്തിന്‍റെ തീരാവേദനയില്‍ മരണത്തോട് മല്ലിടവേ മക്കള്‍ക്ക് വേണ്ടി ജെയ്ഡ് ഗൂഡി കുറിച്ച വാക്കുകള്‍. അഞ്ച് വയസുകാരന്‍ ബോബിക്കും നാല് വയസുകാരന്‍ ഫ്രെഡിക്കും സ്നേഹസമ്മാനമായി ഗൂഡി കരുതിവെച്ച ഫോട്ടോ ആല്‍ബത്തിലെ ആമുഖക്കുറിപ്പാണിത്.
മരണം ഒരു വിളിപ്പാട് അകലെയാണെന്നറിഞ്ഞിട്ടും മക്കളുമൊന്നിച്ച് ഉള്ളുതുറന്ന് ചിരിക്കുന്ന അമ്മയുടെ നിരവധി ചിത്രങ്ങള്‍. അതില്‍ ഗൂഡി ഇങ്ങനെ എഴുതി. “ഞാന്‍ നിങ്ങളെ എപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കും”.
അബുദബിയില്‍ കഴിഞ്ഞ വര്‍ഷം അവധി ആഘോഷിക്കുന്നതിനിടെ ഒട്ടകപ്പുറത്ത് സവാരി നടത്തുന്ന അമ്മ. വെയ്‌ല്‍സിലെ അവധിക്കാലത്ത് അമ്മയ്ക്കും രണ്ടാനച്ഛനായ ജാക് ട്വീഡിനുമൊപ്പം അരുവിയില്‍ നീന്തിത്തുടിക്കുന്ന ബോബിയും ഫ്രെഡിയും. അങ്ങനെ മക്കളോടൊത്തുള്ള ഉല്ലാസവേളകളില്‍ ക്യാമറകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആല്‍ബത്തില്‍ നിറയെ.
“എന്നെ ഇങ്ങനെ ഓര്‍ക്കുക” എന്നാണ് ഗൂഡി ആമുഖത്തില്‍ കുറിച്ച തലക്കെട്ട്. ഗൂഡിയുടെ ചിത്രങ്ങളും കത്തും പുസ്തകമായി അടുത്ത ദിവസങ്ങളില്‍ ഇറങ്ങും. പുസ്തകത്തിലൂടെ ലഭിക്കുന്ന തുക അര്‍ബുദ ബാധിതര്‍ക്കിടയില്‍ ജീവാകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവ് ജാക് ട്വീഡ്.
അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന ഗൂഡി കഴിഞ്ഞ മാസം 22നാണ് മരിച്ചത്. മക്കളെ അമിതമായി സ്നേഹിച്ചിരുന്ന അവര്‍ ജീവിച്ചിരുന്നതിന് തെളിവായി അവശേഷിക്കുന്ന അമൂല്യ നിധിയാണ് ഈ ആല്‍ബം.