‘വിധേയന്‍’ വീണ്ടും എടുക്കാം, മോഹന്‍ലാല്‍ നായകനാകണം!

WEBDUNIA|
PRO
‘ബ്യാരി’ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകന്‍ കെ പി സുവീരന്‍ തിരക്കിലാണ്. സുവീരന്‍റെ പുതിയ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ശ്രീനിവാസനാണ്. ശ്രീനിയും ലാലു അലക്സും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു സിനിമയ്ക്ക് വേണ്ടി സുവീരന് ആദ്യം ഡേറ്റ് നല്‍കിയത് മമ്മൂട്ടിയാണ്. മമ്മൂട്ടിയോട് ഒരു കഥ പറഞ്ഞപ്പോള്‍ തിരക്കഥയെഴുതാന്‍ പറഞ്ഞു. തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷം കണ്ടപ്പോള്‍ ഡേറ്റും തന്നു. പക്ഷേ അന്ന് സുവീരന്‍റെ തിരക്കഥ സിനിമയാക്കാന്‍ ഒരു നിര്‍മ്മാതാവിനെ ലഭിച്ചില്ല.

“ഇനിയും ആ സിനിമ ചെയ്യാന്‍ തയ്യാറായാല്‍ ഒരു പക്ഷേ മമ്മൂട്ടി ഡേറ്റ് തന്നേക്കും. മഹാനായ കലാകാരനാണ് അദ്ദേഹം” - സുവീരന്‍ പറയുന്നു. എന്നാല്‍ മമ്മൂട്ടിയെയല്ല, മോഹന്‍ലാലിനെ ലക്‍ഷ്യമാക്കി ഒരു പ്രൊജക്ട് മനസിലിട്ട് നടക്കുകയാണ് സുവീരന്‍ ഇപ്പോള്‍. മമ്മൂട്ടി നായകനായ ‘വിധേയന്‍’ വീണ്ടും എടുക്കുക, മോഹന്‍ലാലിനെ നായകനാക്കുക. എങ്ങനെയുണ്ട് ആശയം!

വര്‍ഷങ്ങള്‍ക്ക് മുമ്പ്, സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും’ വായിച്ച് ആവേശം കയറി അതൊരു തിരക്കഥയായി സുവീരന്‍ എഴുതിയിരുന്നു. എന്നാല്‍ അന്നും സിനിമ സാധ്യമായില്ല. പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ സക്കറിയയുടെ ആ നോവല്‍ വിധേയന്‍ എന്ന പേരില്‍ സിനിമയാക്കി. അത് സുവീരന് കടുത്ത നിരാശയാണുണ്ടാക്കിയത്. ആ നിരാശയില്‍ നിന്നാണ് പിറ്റേ വര്‍ഷം ‘ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന പേരില്‍ സുവീരന്‍ അത് നാടകമാക്കിയത്. വിധേയന്‍ സിനിമയേക്കാള്‍ തനിക്കിഷ്ടപ്പെട്ടതു സുവീരന്‍റെ നാടകമാണ് എന്നാണ് സക്കറിയ പിന്നീട് വ്യക്തമാക്കിയത്.

“മോഹന്‍ലാല്‍ സമ്മതിച്ചാല്‍ ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും ഞാന്‍ സിനിമയാക്കും. ഈഡിപ്പസിന് പല വ്യാഖ്യാനങ്ങളുണ്ടായിട്ടില്ലേ. ഈ പ്രൊജക്ടും അങ്ങനെ കണ്ടാല്‍ മതി” - ഒരു ചാനല്‍ അഭിമുഖത്തില്‍ സുവീരന്‍ വ്യക്തമാക്കുന്നു.

1993ലാണ് മമ്മൂട്ടിയുടെ ‘വിധേയന്‍’ റിലീസായത്. ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ മമ്മൂട്ടി നേടി. മോഹന്‍ലാലിന്‍റെ പട്ടേലര്‍ യാഥാര്‍ത്ഥ്യമാകുമോ എന്നറിയാനാണ് ഇനി കാത്തിരിക്കേണ്ടത്. അത് സംഭവിച്ചാല്‍ മറ്റൊരു മഹാത്ഭുതം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :