മമ്മൂട്ടിച്ചിത്രം മഴവില്‍ മനോരമ വാങ്ങി, വില നാലേമുക്കാല്‍ കോടി!

WEBDUNIA|
PRO
തുടര്‍ച്ചയായ 11 പരാജയങ്ങളുടെ ക്ഷീണം തീര്‍ക്കാന്‍ മമ്മൂട്ടിക്ക് ഒരു മെഗാഹിറ്റ് അത്യാവശ്യമാണ്. അത്തരം ഒരു വലിയ ഹിറ്റ് സൃഷ്ടിക്കാന്‍ സംവിധായകന്‍ തോംസണും തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമും അണിയറയില്‍ അശാന്തപരിശ്രമത്തിലാണ്. അതേ, മമ്മൂട്ടിയുടെ മെഗാപ്രതീക്ഷ ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ ചിത്രീകരണം പുരോഗമിക്കുന്നു.

മമ്മൂട്ടിയും ദിലീപും നായകനാകുന്ന സിനിമയില്‍ തമിഴ് താരം ധനുഷ് അതിഥി താരമായി അഭിനയിക്കുന്നുണ്ട്. പുതിയ വാര്‍ത്ത, കമ്മത്ത് ആന്‍റ് കമ്മത്തിന്‍റെ സാറ്റലൈറ്റ് അവകാശം 4.75 കോടി രൂപയ്ക്ക് മഴവില്‍ മനോരമ സ്വന്തമാക്കി എന്നതാണ്. മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന സാറ്റലൈറ്റ് അവകാശത്തുകയാണിത്.

ഇത്രയും ഉയര്‍ന്ന സാറ്റലൈറ്റ് അവകാശം ലഭിച്ചതോടെ ചിത്രം വന്‍ ലാഭമുണ്ടാക്കുമെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഉദയ്കൃഷ്ണ - സിബി കെ തോമസിന്‍റെ തിരക്കഥയുടെ ബലവും മമ്മൂട്ടി - ദിലീപ് കോമ്പിനേഷന്‍റെ സാന്നിധ്യവും ധനുഷിന്‍റെ അതിഥി വേഷവുമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് കമ്മത്ത് ആന്‍റ് കമ്മത്ത് വാങ്ങാന്‍ മഴവില്‍ മനോരമയെ പ്രേരിപ്പിച്ചത്. മാത്രമല്ല, തോംസണ്‍ സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രം ‘കാര്യസ്ഥന്‍’ മെഗാഹിറ്റായിരുന്നു. നായികയായി ‘കോ’ ഫെയിം കാര്‍ത്തികയും എത്തുന്നു.

അതേസമയം, മമ്മൂട്ടിച്ചിത്രത്തിന് 4.75 കോടി രൂപ സാറ്റലൈറ്റ് റൈറ്റ് ലഭിച്ച വാര്‍ത്ത വന്നതോടെ സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ ആരാധകയുദ്ധം ശക്തമായി. മോഹന്‍ലാല്‍ ചിത്രമായ ‘കര്‍മ്മയോദ്ധ’യ്ക്ക് 4.9 കോടി രൂപ സാറ്റലൈറ്റ് റൈറ്റ് ലഭിച്ചതായി ഫേസ്ബുക്കിലും മറ്റും പ്രചരണമുണ്ടായി. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. കര്‍മ്മയോദ്ധയ്ക്ക് 3.40 കോടി രൂപയും ലോക്പാലിന് 3.50 കോടി രൂപയും സാറ്റലൈറ്റ് റൈറ്റ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കമ്മത്ത് ആന്‍റ് കമ്മത്തിന്‍റെ ചെലവ് ഒമ്പത് കോടി രൂപയാണ്. അതിഥി താരമായെത്തുന്ന ധനുഷിന് 40 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. മമ്മൂട്ടിയും ദിലീപും ധനുഷും ചുവടുവയ്ക്കുന്ന ഒരു ഗാനരംഗം 50 ലക്ഷം രൂപ ചെലവിട്ടാണ് ഒരുക്കിയത്. ഒരു സെറ്റിന് 12 ലക്ഷം രൂപ ചെലവായതായും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :