തലയുടെ പുതിയ ചിത്രം 'തല’ !

WEBDUNIA|
PRO
അജിത്തിന് തമിഴകത്ത് ഒരു വിളിപ്പേരുണ്ട് - ‘തല’ എന്നാണ് അത്. അല്ലെങ്കില്‍, ഇന്ന് ഇന്ത്യന്‍ സിനിമയ്ക്ക് ഒരു ‘തല’യേ ഉള്ളൂ - അത് അജിത്താണ്. ഇനിഷ്യല്‍ കളക്ഷന്‍റെ രാജാവാണ് അജിത്. താരപദവി തലയിലേറ്റി നടക്കാത്ത, മണ്ണില്‍ ചവിട്ടി നടക്കുന്ന മനുഷ്യന്‍. സ്വന്തം ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അതിരുകടന്നപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട് മാതൃക കാട്ടി അജിത്. ഒരു അസോസിയേഷന്‍റെ ചട്ടക്കൂടില്ലെങ്കിലും ലക്ഷക്കണക്കിന് ‘തല’ ആരാധകര്‍ അജിത് ചിത്രം റിലീസാകുമ്പോള്‍ തിയേറ്ററില്‍ തിങ്ങി നിറയുന്നു. ആര്‍പ്പ് വിളിക്കുന്നു. നീണാള്‍ വാഴട്ടെ!

പുതിയ വാര്‍ത്ത, അജിത്തിന്‍റേതായി അടുത്ത വര്‍ഷം വരുന്ന ഒരു സിനിമയുടെ പേര് സൃഷ്ടിക്കുന്ന കൌതുകമാണ്. ‘തല’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധാനം എ ആര്‍ മുരുഗദോസ്. തുപ്പാക്കി ഹിന്ദി പതിപ്പിന് ശേഷം ‘തല’യുടെ ജോലികള്‍ ആരംഭിക്കാനാണ് മുരുഗദോസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

രസകരമായ വേറൊരു കാര്യമുണ്ട്. മുരുഗദോസ് സംവിധാനം ചെയ്ത ആദ്യചിത്രം ‘ദീന’യില്‍ അജിത്തായിരുന്നു നായകന്‍. ആ സിനിമയില്‍ അജിത്തിന്‍റെ ക്യാരക്ടറിന് ‘തല’ എന്നായിരുന്നു വിളിപ്പേര്. ദീന ഇറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് അജിത്തിനെ എല്ലാവരും തല എന്ന് വിളിക്കാന്‍ തുടങ്ങിയത്.

തുപ്പാക്കിയിലൂടെ വിജയ്ക്ക് ഒരു മെഗാഹിറ്റ് സമ്മാനിച്ച മുരുഗദോസ് അതിനും മുകളില്‍ ഒരു വിജയം അജിത്തിന് സമ്മാനിക്കാനാണ് ‘തല’യിലൂടെ ഒരുങ്ങുന്നത്. ‘തല’ എന്ന ടൈറ്റില്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഒരു ഹൈ സ്പീഡ് ആക്ഷന്‍ എന്‍റര്‍ടെയ്നറായി ‘തല’ അവതരിപ്പിക്കാനാണ് സംവിധായകന്‍റെ ശ്രമം.

അജിത് ഇപ്പോള്‍ ‘സിരുത്തൈ’ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലും വിഷ്ണുവര്‍ദ്ധന്‍റെ സിനിമയിലും ഒരേസമയം അഭിനയിച്ചുവരികയാണ്. ഇവയുടെ ജോലികള്‍ 2013 ആദ്യമാസങ്ങളില്‍ അവസാനിക്കും. പിന്നീട് തല ‘തല’യില്‍ അഭിനയിച്ചുതുടങ്ങും!

ഒറ്റയാന്‍: മലയാളത്തിനും ഒരു ‘തല’യുണ്ട്. അഭിനയചക്രവര്‍ത്തി മോഹന്‍ലാലാണ് അത്. അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ‘തല’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ അതിന് ശേഷം ആരെങ്കിലും മോഹന്‍ലാലിനെ ‘തല’ എന്ന് വിശേഷിപ്പിച്ചതായി കേട്ടിട്ടില്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :