അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചിട്ടില്ല, 2013ല്‍ സംഭവിക്കും!

WEBDUNIA|
PRO
മമ്മൂട്ടിയും അമല്‍ നീരദും ‘ബിഗ്ബി’യ്ക്ക് ശേഷം ഒന്നിക്കുന്ന സിനിമ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ ഉപേക്ഷിച്ചിട്ടില്ല. 2013 സെപ്റ്റംബറില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ പൃഥ്വിയാണ് മമ്മൂട്ടിയുടെ വില്ലനായി അഭിനയിക്കുന്നത്.

മമ്മൂട്ടിക്ക് തുടര്‍ച്ചയായി പരാജയങ്ങള്‍ സംഭവിച്ചപ്പോള്‍ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ ഉപേക്ഷിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ചരിത്രസിനിമയായ ഇതിന്‍റെ ബോക്സോഫീസിലെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവാത്തതിനാലാണ് ചിത്രം ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പഴയകാലത്തിന്‍റെ കഥ പറഞ്ഞ വെനീസിലെ വ്യാപാരി തകര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അത്.

എന്നാല്‍, ഈ സിനിമ തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ ബിഗ്ബജറ്റ് ചിത്രം 3ഡിയിലാണ് ഒരുക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അവതാറിന്‍റെ 3ഡി പതിപ്പ് ഒരുക്കിയ ടീമായിരിക്കും ഈ സിനിമയ്ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുക.

നയന്‍‌താര, വിദ്യാബാലന്‍, അനുഷ്ക ശര്‍മ, അസിന്‍ എന്നിവരില്‍ ഒരാളെ ഈ സിനിമയിലേക്ക് നായികയായി പരിഗണിക്കുന്നുണ്ട്. മൂന്നാറും വയനാ‍ടുമാണ് പ്രധാന ലൊക്കേഷന്‍. ഉറുമി എഴുതിയ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.

അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പേരിട്ടതുകൊണ്ട് ചിത്രം ഒരു രാഷ്ട്രീയ സിനിമയാണെന്ന് വിചാരിക്കരുത്. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെയാണ് ‘അരിവാള്‍’ എന്ന് ഉദ്ദേശിക്കുന്നത്. ‘ചുറ്റിക’ വില്ലനായ പൃഥ്വിരാജ്. അപ്പോള്‍ ‘നക്ഷത്രം’ നായിക തന്നെ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :