പത്തിനും നാലിനും ഇടയില്‍ ബാങ്കില്‍ എന്തു സംഭവിച്ചു?

WEBDUNIA|
PRO
പത്തിനും നാലിനും ഇടയില്‍ ബാങ്കില്‍ എന്തു സംഭവിച്ചു? സംഭവിച്ചത് ഒരു ക്രൈമാണ്. ഏവരെയും ഞെട്ടിക്കുന്ന ഒരു സംഭവം. അത് എങ്ങനെ നടന്നു? ആരൊക്കെയാണ് കുറ്റവാളികള്‍? എന്താണ് അവരുടെ ലക്‍ഷ്യം? ഈ കുറ്റകൃത്യത്തിന്‍റെ കുരുക്ക് എങ്ങനെ അഴിക്കാനാവും?

ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തിയാണ് കെ മധു സംവിധാനം ചെയ്യുന്ന ‘ബാങ്കിങ് അവേഴ്‌സ് 10 ടു 4' എന്ന ചിത്രം വരുന്നത്. കെ മധുവിന്‍റെ മറ്റുചിത്രങ്ങള്‍ പോലെതന്നെ ഇതും ഒരു കുറ്റാന്വേഷണ സിനിമയാണ്. അനൂപ് മേനോനും മേഘ്നാ രാജും കൈലാഷും ജിഷ്ണുവും കലാഭവന്‍‌മണിയുമാണ് പ്രധാന വേഷങ്ങളില്‍.

ശ്രാവണ്‍ വര്‍മ എന്ന ചെറുപ്പക്കാരനായി അനൂപ് മേനോനും അജയ് വാസുദേവന്‍ എന്ന കഥാപാത്രമായി കൈലാഷും അഭിനയിക്കുന്നു. മേഘ്‌ന ആദ്യമായി പൊലീസ് യൂണിഫോമില്‍ എത്തുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

മേയ് 20ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ‘ബാങ്കിങ് അവേഴ്‌സ് 10 ടു 4' രചിച്ചിരിക്കുന്നത് നവാഗതരായ സുമേഷും അമലുമാണ്. പത്തുമുതല്‍ നാലുവരെയുള്ള ഒരു ബാങ്ക് പ്രവര്‍ത്തിദിവസത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. നിറയെ സസ്പെന്‍സുള്ള ഒരു കഥ അതിന്‍റെ സങ്കീര്‍ണത ചോരാതെ അവതരിപ്പിക്കേണ്ടതിന്‍റെ വെല്ലുവിളിയാണ് കെ മധു ഏറ്റെടുത്തിരിക്കുന്നത്.

തന്‍റെ അടുത്ത ചിത്രം സി ബി ഐ പരമ്പരയിലെ അഞ്ചാമത്തെ സിനിമയായിരിക്കുമെന്ന് കെ മധു അറിയിച്ചു. തിരക്കഥ എസ് എന്‍ സ്വാമി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നം കാരണമാ‍ണ് പ്രൊജക്ട് നീണ്ടുപോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :