പുതുവര്‍ഷം ആഘോഷിക്കാന്‍ മൂന്ന് മലയാള സിനിമകളാണ് ഒരുങ്ങിയിരിക്കുന്നത്. കുഞ്ഞളിയന്‍, അസുരവിത്ത്, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് ജനുവരി അഞ്ചിനും കുഞ്ഞളിയനും അസുരവിത്തും ജനുവരി ആറിനുമാണ് പ്രദര്‍ശനത്തിനെത്തുക.
പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്. നവാഗതരായ മനോജും വിനോദും ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിമ കല്ലിംഗല്‍ ആണ് ചിത്രത്തിലെ നായിക.
ഹിറ്റ് സംവിധായകനായ സജി സുരേന്ദ്രന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കുഞ്ഞളിയന്‍. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥാകൃത്ത്. ഈ ടീമിന്റെ മുന്‍ചിത്രങ്ങള്‍ പോലെ തന്നെ ഏറെ നര്‍മ്മ രംഗങ്ങളുള്ള ചിത്രമായിരിക്കും കുഞ്ഞളിയനും.
യുവനടന്‍ ആസിഫ് അലി നായകനാകുന്ന ചിത്രമാണ് അസുരവിത്ത്. എം കെ സാജന്‍ ആണ് ചിത്രം ഒരുക്കുന്നത്. സംവൃതാ സുനില്‍ ആണ് നായിക.
ദിലീപ് ചിത്രങ്ങളായ സ്പാനിഷ് മസാല, മിസ്റ്റര്‍ മരുമകന്‍, മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സെക്കന്‍ഡ് ഷോ, മോഹന്‍ലാല്‍ ചിത്രമായ കാസനോവ എന്നീ ചിത്രങ്ങളും ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.