‘സ്ലംഡോഗ് മില്യണയര്‍’ എന്ന വിസ്മയചിത്രത്തിലൂടെ സംഗീതരംഗത്ത് ലോകത്തിന്‍റെ നെറുകയിലേക്കുയര്‍ന്നു എ ആര്‍ റഹ്‌മാന്‍. അതിന് ശേഷം അധികം പ്രാദേശിക സിനിമകള്‍ക്ക് സംഗീതമൊരുക്കാന്‍ റഹ്‌മാന് കഴിഞ്ഞില്ല. ഹോളിവുഡ് സിനിമകളുടെയും സ്റ്റേജ് പ്രോഗ്രാമുകളുടെയും തിരക്കില്‍ റഹ്‌മാന്‍ മുന്നോട്ടുപോയി. റോക്സ്റ്റാര്‍, വിണ്ണൈത്താണ്ടി വരുവായായുടെ ഹിന്ദി വേഷന്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനിടെ സാന്നിധ്യമറിയിച്ചു എങ്കിലും ഹോളിവുഡ് പ്രൊജക്ടുകള്‍ക്കായിരുന്നു റഹ്‌മാന്‍റെ മുന്‍ഗണന.
കപ്പിള്‍സ് റിട്രീറ്റ്, 127 അവേഴ്സ് എന്നീ ഹോളിവുഡ് സിനിമകളില്‍ റഹ്‌മാന്‍റെ സംഗീതം പ്രശംസ പിടിച്ചുപറ്റി. ഇപ്പോഴിതാ, സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ പുതിയ സിനിമയ്ക്ക് സംഗീതം നല്‍കാന്‍ റഹ്‌മാന് ക്ഷണം ലഭിച്ചിരിക്കുന്നു.
സ്പീല്‍ബര്‍ഗിന്‍റെ നിര്‍മ്മാണക്കമ്പനിയായ ‘ഡ്രീം വര്‍ക്സ്’ നിര്‍മ്മിക്കുന്ന ‘വെല്‍കം ടു ദി പീപ്പിള്‍’ എന്ന ചിത്രത്തിനാണ് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുക. മിഷന്‍ ഇംപോസിബിള്‍ സീരീസിലൂടെ പ്രശസ്തനായ അലക്സ് കുര്‍ട്സ്‌മെന്‍ ആണ് സംവിധായകന്‍.
നിരവധി പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പെട്ടുഴലുന്ന ഒരു യുവാവിന്‍റെ കഥയാണ് ‘വെല്‍കം ടു ദി പീപ്പിള്‍’.