വിജയ്‌യിനെ തീയേറ്ററിലേക്ക് അടുപ്പിക്കില്ല!

Vijay
WEBDUNIA|
PRO
PRO
തമിഴ് യുവതാരം വിജയ് ആകെ അങ്കലാപ്പിലാണ്. ഓവര്‍‌സീസ് അവകാശത്തില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍, പുതിയ സിനിമയായ കാവലന്‍ റിലീസ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി വിധിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും വിജയ്‌യിനെ നിര്‍ഭാഗ്യം പിന്തുടരുകയാണ്. ഓവര്‍സീസ് അവകാശത്തര്‍ക്കം കോടതിക്ക് പുറത്തുവച്ച് രമ്യമായി പരിഹരിക്കപ്പെടാന്‍ സാധ്യത ഉണ്ടെങ്കിലും കാവലന്‍ തീയേറ്ററുകളില്‍ എത്താന്‍ ഇടയില്ല എന്നാണ് അറിയുന്നത്. കാരണം, എട്ടുനിലയില്‍ പൊട്ടുന്ന സിനിമകളിലെ നായകനെ തീയേറ്ററിലേക്ക് അടുപ്പിക്കേണ്ടെന്നാണ് തമിഴ് സിനിമാ എക്സിബിറ്റര്‍മാരുടെ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അഴകിയ തമിഴ് മകന്‍, കുരുവി, വില്ല്, വേട്ടക്കാരന്‍ തുടങ്ങി സുറ വരെയുള്ള സിനിമകള്‍ എട്ട് നിലയില്‍ പൊട്ടിയതാണ് എക്സിബിറ്റര്‍ അസോസിയേഷനെ പ്രകോപിപ്പിച്ചിരിക്കുന്നത്. അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിനിടയില്‍ ബുധനാഴ്ചയാണ് വിജയ്‌യുടെ സിനിമകള്‍ തീയേറ്റര്‍ കാണിക്കേണ്ടെന്ന് തീരുമാനം എടുക്കപ്പെട്ടത്. സുറ എന്ന സിനിമ തീയേറ്റര്‍ ഉടമകള്‍ക്ക് വരുത്തിവച്ചത് വന്‍‌നഷ്‌ടമാണെന്നും മൂന്നുകോടി രൂപ നഷ്‌ടപരിഹാരത്തുകയായി നല്‍‌കിയില്ലെങ്കില്‍ വിജയ്‌യിനെ തീയേറ്ററിലേക്ക് അടുപ്പിക്കേണ്ടെന്നുമാണ് അസോസിയേഷന്‍ ഐക്യകണ്ഠമായി എടുത്തിരിക്കുന്ന തീരുമാനം. ദിലീപ് നായകനായി അഭിനയിച്ച ‘ബോഡീഗാര്‍ഡ്’ എന്ന സിദ്ദിക്ക് സിനിമയാണ് ‘കാവലന്‍’ ആയി തമിഴകത്ത് എത്തുന്നത്.

ഏകദേശം പത്തുകോടി രൂപയാണെത്രെ സുറ പ്രദര്‍ശിപ്പിച്ച തീയേറ്റര്‍ ഉടമകളുടെ പോക്കറ്റില്‍ നിന്ന് കാലിയായത്. ഇതിന്റെ മുപ്പത് ശതമാനം മാത്രമേ തങ്ങള്‍ തിരിച്ച് ചോദിക്കുന്നുള്ളൂവെന്നും അത് തരാത്ത പക്ഷം ‘ഇളയ ദളപതി’യുടെ സിനിമകള്‍ പെട്ടിയില്‍ ഇരിക്കുകയേ ഉള്ളൂവെന്നും അസോസിയേഷന്‍ ആണയിടുകയാണ്. ക്രിസ്മസിന് ഈ ചിത്രം പുറത്തുവരുമെന്നാണ് കരുതിയിരുന്നത്. എക്സിബിറ്റര്‍മാര്‍ കാവലന് വച്ച ‘ആപ്പ്’ വിജയ് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എ‌ഐ‌എ‌ഡി‌എം‌കെയില്‍ വിജയ് ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വിജയ്‌യുടെ എ‌ഐ‌എ‌ഡി‌എം‌കെ ബാന്ധവത്തില്‍ പ്രകോപിതരായ ഡി‌എം‌കെ വിജയ്‌യിന് വച്ച ആപ്പാണ് എക്സിബിറ്റര്‍മാരുടെ സംഘടനയെടുത്ത തീരുമാനം എന്നറിയുന്നു. ഇത് ശരിയാണെങ്കില്‍, എങ്ങിനെയെങ്കിലും കാവലന്‍ റിലീസ് ചെയ്യാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ ക്യാമ്പില്‍ വിജയ് എത്തുമെന്നുറപ്പ്.

ഇതിനകം തന്നെ, ജയലളിതാ ക്യാമ്പില്‍ വിജയകാന്ത് എത്തിയിട്ടുണ്ട്. കാവലന്‍ എന്ന സിനിമ വിജയ്‌യിനെയും ജയലളിതാ ക്യാമ്പില്‍ തളയ്ക്കും എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. തമിഴ്നാട് രാഷ്‌ട്രീയം എന്നും സിനിമാക്കാരുടേതായിരുന്നു. ഇപ്പോള്‍ വിജയ്‌യുടെ പുതിയ സിനിമ, തമിഴകത്ത് പുതിയ രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്ക് വഴിവയ്ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ജനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :