ഹിന്ദിമാഷ് വിനയചന്ദ്രന്‍റെ ‘ഗജകേസരിയോഗം’ വീണ്ടും!

WEBDUNIA|
PRO
അയ്യപ്പന്‍ നായര്‍ എന്ന ആനക്കാരനെ ഹിന്ദി പഠിപ്പിക്കാന്‍ എത്തിയതാണ് വിനയചന്ദ്രന്‍. ആനപ്പാപ്പാന്‍ എന്തിനു ഹിന്ദി പഠിക്കണം എന്ന ചോദ്യം ‘ഗജകേസരിയോഗം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ കണ്ടിട്ടുള്ളവര്‍ ചോദിക്കില്ല. ആ ആന സര്‍ക്കസ് കമ്പനിയില്‍ നിന്നുള്ള ഒരാനയായിരുന്നു. അതിന് ഹിന്ദി മാത്രമേ മനസിലാകൂ. അതൊന്നുമറിയാതെ ആനയെ സ്വന്തമാക്കിയ പാവം അയ്യപ്പന്‍ നായര്‍ക്ക് വയസുകാലത്ത് ഹിന്ദി പഠിക്കാതെ രക്ഷയില്ലെന്നുവന്നു.

പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഗജകേസരിയോഗം’ 1990ല്‍ ആണ് റിലീസായത്. കലൂര്‍ ഡെന്നിസ് തിരക്കഥയെഴുതിയ ആ ചിത്രത്തില്‍ ഹിന്ദിമാഷ് വിനയചന്ദ്രനായി മുകേഷും ആനക്കാരന്‍ അയ്യപ്പന്‍ നായരായി ഇന്നസെന്‍റും വേഷമിട്ടു. സുനിതയായിരുന്നു നായിക. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗജകേസരിയോഗത്തിന് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു.

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ആരായിരിക്കും ചിത്രത്തിന്‍റെ സംവിധായകനെന്ന് കലൂര്‍ ഡെന്നിസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ‘വീണ്ടും ഗജകേസരിയോഗം’ എന്ന് ചിത്രത്തിന് പേരിട്ടതായി സൂചനയുണ്ട്. ഇന്നസെന്‍റ്, മുകേഷ്, ജഗദീഷ്, മാമുക്കോയ, സിദ്ദിഖ്, കുഞ്ചന്‍, സുകുമാരി, കെ പി എ സി ലളിത തുടങ്ങിയവര്‍ ഗജകേസരിയോഗത്തിന്‍റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമെന്നാണ് സൂചന.

ഇപ്പോള്‍ ‘എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായി’ എന്ന സിനിമയുടെ തിരക്കഥ രചിച്ചുവരികയാണ് കലൂര്‍ ഡെന്നിസ്. ‘വീണ്ടും ഗജകേസരിയോഗം’ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് സൂചന. അതിനിടെ ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനും കലൂര്‍ ഡെന്നിസ് തിരക്കഥയെഴുതുന്നതായി സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :