2010-ലെ ഓണക്കാലത്ത് ഏഷ്യാനെറ്റ് ചാനലില്‍ പ്രക്ഷേപണം ചെയ്ത അഭിമുഖത്തില്‍ പൃഥ്വിരാജ് നുണ പറഞ്ഞെന്നും അത് തനിക്കെതിരെ തെറ്റിദ്ധാരണയ്ക്ക് കാരണമാകുമെന്നും ആരോപിച്ച് ഒരു സിനിമാനിര്‍മാതാവ് പൃഥ്വിരാജിന് വക്കീല്‍ നോട്ടീസ് അയച്ചു. ഏഷ്യാനെറ്റിനെതിരെയും കേസുണ്ട്. നടന്‍ പൃഥിരാജ്, ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടര്‍ മാധവന്‍, ഏഷ്യാനെറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ്(പ്രോഗ്രാംസ്) ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത് വര്‍ഗം എന്ന ചിത്രത്തിന്റെ നിര്‍മാതാവായ ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ കിച്ചൂസില്‍ ഹസീബാണ്.
ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ‘അണ്ടര്‍ഫയര്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് പൃഥ്വിരാജ് നുണ പറഞ്ഞതെത്രേ! വര്‍ഗത്തിന്റെ നിര്‍മാതാവിനെ താന്‍ സാമ്പത്തികമായി സഹായിച്ചു എന്നാണ് പൃഥ്വിരാജ് തട്ടിവിട്ടതെത്രെ. മൂന്നു ലക്ഷം മാത്രമാണ് വര്‍ഗത്തില്‍ അഭിനയിച്ചതിന് വാങ്ങിയതെന്നാണ് പ്രഥ്വിരാജ് പറഞ്ഞത്. ഇങ്ങിനെ ചെയ്തത് നിര്‍മാതാവിനെ സഹായിക്കാന്‍ ആയിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വര്‍ഗത്തില്‍ അഭിനയിച്ചതിന് പ്രതിഫലമായി ഒമ്പതു ലക്ഷമാണ് പൃഥിരാജ് ആവശ്യപ്പെട്ടതെങ്കിലും 8.5 ലക്ഷം രൂപ താന്‍ നല്‍കിയെന്നും ഇതില്‍ 30 ശതമാനം കരാറില്‍ ഒപ്പിട്ട സമയത്തും ബാക്കി മൂന്നുലക്ഷം ഡബിംഗ് സമയത്തുമാണ് നല്‍കിയതെന്നുമാണ് ഹസീബ് പറയുന്നത്.
പ്രഥ്വിരാജിന്റെ നുണപ്രചരണത്തെ ചെറുക്കാന്‍ ആലപ്പുഴയില്‍ ഒരു വാര്‍ത്താസമ്മേളനവും ഹസീബ് വിളിക്കുകയുണ്ടായി. വര്‍ഗത്തില്‍ പൃഥ്വിരാജ് അഭിനയിച്ചതിനാല്‍ തനിക്ക് നഷ്‌ടമാണ് ഉണ്ടായതെന്ന് ഹസീബ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 87 ലക്ഷം രൂപയ്ക്ക് സംവിധായകന്‍ പത്മകുമാറും പൃഥ്വിയും പറഞ്ഞതനുസരിച്ചാണ് ഷൂട്ടിങ് തുടങ്ങിയത്. എന്നാല്‍ ഒരു കോടി 30 ലക്ഷം രൂപയിലാണ് സിനിമ പൂര്‍ത്തിയായത്. ബജറ്റ് കുത്തനെ ഉയരാന്‍ പൃഥ്വിരാജിന്റെ ചെയ്തികള്‍ മൂലമാണെന്നും ഹസീബ് പറഞ്ഞു.
പൃഥ്വിരാജ് നടത്തിയിരിക്കുന്ന അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലെങ്കില്‍ മാനനഷ്ടത്തിന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ചാനലിനും നടനും ഹസീബ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. എന്തായാലും പൃഥ്വിരാജ് ഇതുവരെ ഇതെപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.