സംവിധായകന്‍ വിനയന്‍ രണ്ട് സിനിമകള്‍ ഒരുക്കാനുള്ള പുറപ്പാടിലാണ്. ഇവയില്‍ ഒരുസിനിമയില്‍ തിലകന്‍ നായകനാകും, മറ്റൊന്നില്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യും. നിറഞ്ഞ സദസില്‍ യക്ഷിയും ഞാനും എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ ആഹ്ലാദം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കാന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിനയന്‍ അറിയിച്ചതാണിത്. മേഘ്ന, സുധീര്‍, ജൂബില്‍ രാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
“എന്റെ സിനിമ ഇറക്കില്ലെന്നു വാശിപിടിച്ചവര്‍ ചിത്രത്തിന്റെ മികച്ച പ്രകടനം കണ്ട് ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ട്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തീയേറ്ററുകളില്‍ പ്രേക്ഷകരുടെ പ്രവാഹമാണ്. യക്ഷിയും ഞാനും പൊട്ടുമെന്നായിരുന്നു ചിലയാളുകളുടെ പ്രചരണം. ഇപ്പോഴെന്തായി? തിലകനെ നായകനാക്കി 'ഫ്രീഡം ഫൈറ്റ്' എന്ന സമാന്തരസിനിമ ഒരുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഞാന്‍. ഗ്രാഫിക്സിന് പ്രാധാന്യമുള്ള 'ആലിബാബയും 41 കള്ളമാരും പിന്നെ ഒരു കള്ളിയും' എന്ന സിനിമയും ഒരുക്കും. വിഷുവിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. മലയാള സിനിമയിലെ തമ്പുരാക്കന്മാര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും” - വിനയന്‍ ചോദിച്ചു.
“മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമാ പോസ്റ്ററുകള്‍ കീറിയപ്പോള്‍ കരഞ്ഞ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അവര്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് ഈ സൂപ്പര്‍താരങ്ങളുടെ ഡേറ്റ് ഉറപ്പിക്കാനാണ് പാടുപെടുന്നത്. സംഘടനാപ്രശ്നങ്ങളെല്ലാം സിനിമയുടെ കാര്യത്തില്‍ മാറ്റിവയ്ക്കണം. തിരക്കഥ നന്നാക്കാന്‍ ശില്‍പ്പശാല നടത്തണമെന്നു പറയുന്ന സൂപ്പര്‍താരം തിരക്കഥ തെരഞ്ഞെടുക്കുന്നതില്‍ ഔചിത്യം പുലര്‍ത്തുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പോസ്റ്ററില്‍ അശ്ലീലമുണ്ടോ എന്ന് വിലയിരുത്താനായി നല്‍കിയ അധികാരം സിനിമാ സംഘടനകള്‍ ദുരുപയോഗം ചെയ്തപ്പോഴാണ് എനിക്ക് മറ്റു വഴികള്‍ തേടേണ്ടിവന്നത്” - വിനയന്‍ പറഞ്ഞു.