ഒടുവില്‍ ഷങ്കറിന് മൂന്ന് വിഡ്ഢികളെയും കിട്ടി. ത്രീ ഇഡിയറ്റ്സ് എന്ന മെഗാ ചിത്രത്തിന്‍റെ സൌത്ത് ഇന്ത്യന്‍ റീമേക്കില്‍ വിജയ്, മാധവന്‍, ചിലമ്പരശന്‍(ചിലമ്പരശന്‍ ഇനി മുതല്‍ ‘എസ് ടി ആര്‍’ എന്ന പേരിലാകും അറിയപ്പെടുക) എന്നിവരാണ് താരങ്ങള്‍. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ജെമിനി ഫിലിം സര്‍ക്യൂട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. ബൊമന്‍ ഇറാനി ഹിന്ദിയില്‍ അനശ്വരമാക്കിയ ‘വൈറസ്’ എന്ന കഥാപാത്രത്തെ സത്യരാജ് അവതരിപ്പിക്കും.
ആമിര്‍ ഖാന്‍ അവതരിപ്പിച്ച നായക കഥാപാത്രം റാഞ്ചോദാസ് ശ്യാമള്‍ദാസ് ചഞ്ചഡ്(അഥവാ റാഞ്ചോ) എന്ന കഥാപാത്രത്തെയാണ് ഇളയദളപതി സ്ക്രീനില്‍ ആവാഹിക്കുക. തമിഴില്‍ ഇങ്ങനെയൊക്കെയാണ് വിവരങ്ങളെങ്കില്‍ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ ഒരു മാറ്റം ഉണ്ടാകും. വിജയ്ക്ക് പകരം നായകസ്ഥാനത്ത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു എത്തും.
മാധവന്‍ ഹിന്ദിയില്‍ അവതരിപ്പിച്ച ഫര്‍ഹാന്‍ ഖുറേഷി എന്ന കഥാപാത്രത്തെത്തന്നെയാണ് അദ്ദേഹം തമിഴിലും തെലുങ്കിലും അവതരിപ്പിക്കുക. സര്‍മന്‍ ജോഷി അവതരിപ്പിച്ച രാജു രസ്തോഗി എന്ന കഥാപാത്രത്തിന് ചിമ്പു ജീവന്‍ പകരും.
‘യന്തിരന്‍’ എന്ന സിനിമയുടെ റിലീസിനു ശേഷമേ ഷങ്കര്‍ ത്രീ ഇഡിയറ്റ്സിന്‍റെ ജോലികളിലേക്ക് പ്രവേശിക്കുകയുള്ളൂ. സാധാരണയായി ഷങ്കര്‍ റീമേക്ക് ചിത്രങ്ങള്‍ ചെയ്യാറില്ല. എന്നാല്‍ 100 കോടിക്കു മേല്‍ ചെലവു വരുന്ന യന്തിരന് ശേഷം ഒരു സാധാരണ ചിത്രം ചെയ്യുന്നതില്‍ ഷങ്കറിന് താല്‍പ്പര്യമില്ല. അതിനാലാണ് വന്‍ മുതല്‍മുടക്ക് വേണ്ടിവരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ‘ത്രീ ഇഡിയറ്റ്സ്’ റീമേക്കിന് ഷങ്കര്‍ സമ്മതം മൂളിയത്.