തമിഴ്നാട്ടില്‍ ‘മമ്മുക്ക മിമിക്രി’ തരംഗം!

Mammootty
WEBDUNIA|
PRO
PRO
തമിഴ്നാട്ടില്‍ എവിടെ മിമിക്രി അവതരിപ്പിച്ചാലും മലയാളികളുടെ പ്രിയതാരമായ മമ്മൂട്ടിയെ അനുകരിക്കുന്ന ഐറ്റമില്ലാതെ പരിപാടി അവസാനിക്കില്ല. എം‌ജിആറെന്ന് അറിയപ്പെട്ടിരുന്ന എം‌ജി രാമചന്ദ്രനും വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന എം‌എന്‍ നമ്പ്യാര്‍ക്കും ശേഷം തമിഴ്നാട്ടിലെ മിമിക്രിക്കാര്‍ക്ക് പ്രിയപ്പെട്ട മലയാളി താരമായിരിക്കുകയാണ് മമ്മൂട്ടി. രജനീകാന്തും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ‘ദളപതി’ എന്ന സിനിമയിലെ രംഗങ്ങളാണ് മമ്മൂട്ടിയെ അനുകരിക്കാനായി മിമിക്രിക്കാര്‍ ആശ്രയിക്കുന്നത്.

വെറുതെ ഉണ്ടായതല്ല, ഈ ‘മമ്മൂട്ടി മിമിക്രി’ തരംഗം. തമിഴ്നാട്ടില്‍ 2010-ലെ ആദ്യ സൂപ്പര്‍ ഹിറ്റായ തമിഴ്‌പടം എന്ന സിനിമയാണ് മമ്മൂട്ടി തരംഗത്തിന് കാരണം. തമിഴ് സിനിമാരംഗത്തെ പരിഹസിക്കുന്ന ഒരു സിനിമയാണ് തമിഴ്‌പടം. സിനിമയിലെ വിഡ്ഡിത്തരങ്ങളും യുക്തിയില്ലായ്മയും കോര്‍ത്തിണക്കിക്കൊണ്ട് സി‌എസ് അമുദം സംവിധാനം ചെയ്ത തമിഴ്പടത്തില്‍ മമ്മൂട്ടിയെ അനുകരിക്കുന്ന തകര്‍പ്പന്‍ രംഗമുണ്ട്.

നായകന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിയ തന്റെ ഗുണ്ടയെ മമ്മൂട്ടി സന്ദര്‍ശിക്കാന്‍ എത്തുന്ന രംഗമാണ് സിനിമയില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. നല്ല ബാസുള്ള ശബ്ദത്തില്‍ ദളപതിയിലെ മമ്മൂട്ടിയുടെ മാനറിസങ്ങളെ സീനുവെന്ന മിമിക്രി ആര്‍ട്ടിസ്റ്റ് അനുകരിക്കുമ്പോള്‍ തീയേറ്ററുകളില്‍ കരഘോഷം മുഴങ്ങുന്നു.

സിനിമാപ്പട്ടി എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. ഇവിടെനിന്നുള്ള യുവാക്കള്‍ സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറുന്നു. എന്നാല്‍ ഒരു സിനിമയില്‍ ചാന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ ‘ഞാനാണ് അടുത്ത മുഖ്യമന്ത്രി’ എന്ന് അഹങ്കരിക്കാന്‍ തുടങ്ങുന്നു. ഇങ്ങിനെ പലരും ചെയ്യുകയാല്‍ ഗ്രാമത്തിലേക്കുള്ള സഹായമെല്ലാം സര്‍ക്കാര്‍ നിര്‍ത്തുന്നു. കാലക്രമത്തില്‍ സിനിമാപ്പട്ടിയെ ഒരു ശത്രുവായി സര്‍ക്കാര്‍ കാണാന്‍ തുടങ്ങുന്നു.

സിനിമാപ്പട്ടിയില്‍ നിന്ന് ആരും ചെന്നൈയിലേക്ക് പോകാതിരിക്കാനായി, ഇനി ഗ്രാമത്തില്‍ ആണ്‍‌കുട്ടികള്‍ ഉണ്ടായാല്‍ കൊന്നുകളയണമെന്ന് ഗ്രാമത്തലവന്‍ പ്രഖ്യാപിക്കുന്നു. ഇതിനിടെ ദരിദ്രരായ മാതാപിതാക്കള്‍ക്ക് ഒരു ആണ്‍‌കുട്ടി പിറക്കുകയും അവനെ മുത്തശ്ശി ചെന്നൈയിലേക്ക് കടത്തുകയും ചെയ്യുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ വളര്‍ന്നുവലുതാകുന്ന അവന്‍ വീരനായകനാകുന്നതും രഹസ്യപ്പോലീസാകുന്നതും ശത്രുക്കളെ കൊന്നൊടുക്കുന്നതും അവസാനം തന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതുമാണ് സിനിമയുടെ പ്രമേയം.

കമലാഹാസനും രജനീകാന്തും വിജയകാന്തും തൊട്ട് സൂര്യയെയും ചിലമ്പരശനെയും വരെ ഈ സിനിമയില്‍ കണക്കിന് കളിയാക്കുന്നുണ്ട്. ആണ്‍‌കുട്ടികളെ കൊന്നുകളയാന്‍ വിസമ്മതിക്കുന്നവര്‍ ചിലമ്പരശന്റെ സിനിമ 100 തവണ കാണേണ്ടിവരും എന്ന ശിക്ഷയാണ് ഗ്രാമത്തലവന്‍ വിധിക്കുന്നത്. പോത്തുകളെ അഴിച്ചുവിട്ടും (അന്യന്‍ സിനിമ) വിവിധ സാധനങ്ങള്‍ ഉപയോഗിച്ചും (കമല്‍ കുള്ളനായി അഭിനയിച്ച അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമ) വില്ലനെ കൊല്ലാന്‍ ശ്രമിക്കുന്ന നായകനെ ഇതില്‍ കാണാം. കാക്ക കാക്ക, ഗജിനി എന്നീ സിനിമകളെയും കണക്കിന് കളിയാക്കുന്നുണ്ട്.

തമിഴ് സിനിമയെ പൊളിച്ചടുക്കുന്ന ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഏറെ പേരെ ആകര്‍ഷിക്കുന്നത് മമ്മൂട്ടിയെ അനുകരിക്കുന്ന സീനുകളാണ്. എം‌ജി‌ആറിനും എം‌എന്‍ നമ്പ്യാര്‍ക്കും ശേഷം തമിഴ് സിനിമയിലെ അനിഷേധ്യ സാന്നിധ്യമായി മമ്മൂട്ടി മാറിയിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങിയതോടെ തമിഴ്നാട്ടില്‍ പലയിടത്തും അരങ്ങേറുന്ന മിമിക്രി പരിപാടികളിലും മമ്മൂട്ടിയുടെ അനുകരണം ഒഴിച്ചുകൂടാനാവാത്ത ഐറ്റമായിരിക്കുകയാണ്. മമ്മുക്കയ്ക്ക് അഭിമാനിക്കാന്‍ വേറെന്ത് വേണം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :