മുരുഗദോസിനെ കമലിനും വേണം!

WEBDUNIA|
IFM
കമലഹാസനാണോ ആമിര്‍ഖാനാണോ ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ നടന്‍? പലര്‍ക്കും പല അഭിപ്രായമാണ്. പൃഥ്വിരാജിനെപ്പോലുള്ള ചിലര്‍ പറയുന്നത് ആമിര്‍ തന്നെ നമ്പര്‍ വണ്‍ എന്നാണ്. എന്നാല്‍ കമലഹാസന്‍റെയത്ര പരീക്ഷണങ്ങള്‍ക്ക് ആമിര്‍ മുതിരുന്നില്ല എന്ന് പറയുന്നവരും ഉണ്ട്.

എന്തായാലും കമലും ആമിറും പരസ്പരം അങ്ങേയറ്റം ബഹുമാനിക്കുന്നു. ആമിറിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കിയ ‘ഗജിനി’ കമലഹാസന് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ്. അതുകൊണ്ടുതന്നെ മുരുഗദോസിന്‍റെ ഒരു ചിത്രത്തില്‍ തനിക്കും അഭിനയിക്കണമെന്ന് കമലിന് ആഗ്രഹം.

കഴിഞ്ഞ ദിവസം മുരുഗദോസിനെ കമലഹാസന്‍ തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. എന്തിനാണ് വിളിക്കുന്നതെന്ന് കമല്‍ പറഞ്ഞുമില്ല. വളരെ ആകാംക്ഷയോടെയാണ് കമലിന്‍റെ ഓഫീസില്‍ മുരുഗദോസ് എത്തിയത്. താന്‍ തുടങ്ങി പാതിവഴിയില്‍ നിന്നുപോയ ‘മരുതനായകം’ എന്ന ചിത്രത്തിന്‍റെ സ്റ്റില്‍‌സ് കമല്‍ തനിക്കു പ്രിയപ്പെട്ട യുവ സംവിധായകനെ കാണിച്ചു.

മരുതനായകത്തിന്‍റെ ഫ്രെയിമുകള്‍ കണ്ട് മുരുഗദോസ് വിസ്മയിച്ചു. അന്തം‌വിട്ടിരുന്ന മുരുഗദോസിനോട് കമല്‍ മറ്റൊരു കാര്യം ആവശ്യപ്പെട്ടു. അതുകേട്ട് കക്ഷിയുടെ കണ്ണുതള്ളിപ്പോയത്രേ. തന്നെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യണം. അതിനു വേണ്ടി ഒരു ഉഗ്രന്‍ തിരക്കഥ തയ്യാറാക്കണം.

താര്‍ ആരാധിക്കുന്ന നടന്‍ ഇങ്ങനെ ഒരാവശ്യം പറഞ്ഞാല്‍ മുരുഗദോസിന് തള്ളിക്കളയാന്‍ കഴിയുമോ? ഉടന്‍ തന്നെ വാക്കുകൊടുത്തു കമലിന്. സൂര്യയെ നായകനാക്കി ഒരുക്കുന്ന സിനിമയ്ക്ക് ശേഷം താന്‍ സംവിധാനം ചെയ്യുന്നത് കമല്‍ ചിത്രം തന്നെ. ഉലകനായകനും സന്തോഷമായി. (മുരുഗദോസ് സൂര്യയെ നായകനാക്കി ചെയ്യുന്ന ചിത്രത്തില്‍ നായിക ആരാണെന്നാ വിചാരം? സാക്ഷാല്‍ ശ്രുതി ഹാസന്‍!)

കമലഹാസന്‍ ഇപ്പോള്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘കാരുണ്യം’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്. ത്രിഷയാണ് ആ ചിത്രത്തില്‍ നായിക. എന്തായാലും കമലിനെ നായകനാക്കി ഒരുഗ്രന്‍ ആക്ഷന്‍ ത്രില്ലറൊരുക്കാനുള്ള ശ്രമത്തിലാണ് മുരുഗദോസ് ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :