ശ്രീനാഥിനെ അവഗണിച്ച് കൊന്നുവെന്ന് ശിവസേന

Sreenath
WEBDUNIA|
PRO
PRO
മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പീഡനങ്ങളുടെ ആദ്യ രക്തസാക്ഷിയാണ് ശ്രീനാഥെന്നും ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയതാണ് ആത്മഹത്യക്ക് വഴിവച്ചതെന്നും ആരോപിച്ചു. ശ്രീനാഥിനെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ ആളുകളെ അന്വേഷിച്ച് കണ്ടെത്തണമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ശിവസേന സംസ്‌ഥാനസമിതി ആവശ്യപ്പെട്ടു.

ഏപ്രില്‍ പകുതിയോടെ കോതമംഗലം, തൊടുപുഴ ഭാഗങ്ങളില്‍ ചിത്രീകരണം തുടങ്ങിയ പത്മകുമാറിന്റെ ശിക്കാറില്‍ നായകനായ മോഹന്‍ലാലിന്റെ സുഹൃത്തായ ഒരു ചായക്കടക്കാരന്റെ വേഷമാണ്‌ ശ്രീനാഥിന്‌ നീക്കിവച്ചിരുന്നത്‌. കഴിഞ്ഞദിവസം മോഹന്‍ലാലും ശ്രീനാഥും ഒരുമിച്ച് അഭിനയിക്കേണ്ടുന്ന ഒരു സീന്‍ ചിത്രീകരിക്കാന്‍ രാവിലെ ആറിന്‌ എത്തണമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ ശ്രീനാഥിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എട്ടുമണിക്കേ എത്താനാകൂ എന്നു ശ്രീനാഥ്‌ പറഞ്ഞതിനാല്‍ ശ്രീനാഥിന്റെ സീനുകള്‍ എപ്പോഴാണ്‌ എടുക്കുന്നതെന്ന് പിന്നീട്‌ അറിയിക്കാമെന്നു പറഞ്ഞ്‌ അവര്‍ മടങ്ങിയത്രേ.

എന്നാല്‍ പിന്നീട് ആരും ശ്രീനാഥിനെ വിളിക്കുകയുണ്ടായില്ല. 19 മുതല്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ ഹോട്ടലിലുണ്ടായിരുന്നു. ആരും തന്നെ വിളിക്കാതായപ്പോള്‍ ശ്രീനാഥ്‌ സെറ്റില്‍പ്പോയി ബഹളമുണ്ടാക്കിയതായും വാര്‍ത്തകളുണ്ട്‌. മനപ്രയാസം കാരണം അമിതമായി ശ്രീനാഥ് മദ്യപിച്ചിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. തുടര്‍ന്ന്, ശിക്കാറില്‍ നിന്ന് തന്നെ മാറ്റി ആ വേഷം ലാലു അലക്‌സിന് നല്‍‌കിയതായി അറിഞ്ഞതോടെ ശ്രീനാഥ് തളര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഈ വിവരം പറയാനാണു പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ളവര്‍ എത്തിയതെന്നും അതിനുശേഷമാണു ശ്രീനാഥിനെ മരിച്ചനിലയില്‍ കാണപ്പെട്ടതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

രക്‌തംവാര്‍ന്നു ബോധം മറയുന്നതിനുമുമ്പ്‌ റിസപ്‌ഷനില്‍ വിളിച്ച്‌ 'ഞാന്‍ പോകുകയാണ്‌, ആര്‍ക്കും ഭാരമാകില്ല' എന്നു പറഞ്ഞതായി ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ ജോയി പറയുന്നു. തുടര്‍ന്നു 'രക്ഷിക്കൂ, രക്ഷിക്കൂ' എന്ന് ശ്രീനാഥ് പിറുപിറുക്കുകയും ചെയ്തുവെത്രെ. അതായിരുന്നു ശ്രീനാഥിന്റെ അവസാന വാക്കുകള്‍. പിന്നീടു ഫോണ്‍ കട്ടായി. എന്നാല്‍ മദ്യലഹരിയില്‍ പിച്ചും പേയും പറയുകയാണ് ശ്രീനാഥ് എന്നാണ് ജോയി ധരിച്ചത്.

എന്തായാലും ശിവസേന ശ്രീനാഥിന്റെ മരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മലയാള സിനിമാ രംഗത്ത് മറ്റൊരു വിവാദക്കാറ്റിനുള്ള അന്തരീക്ഷം ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :