ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ മൂക്കുകുത്തുന്നു!

WEBDUNIA|
PRO
PRO
വിഷുച്ചിത്രങ്ങളില്‍ ആദ്യത്തേതായി ഏപ്രില്‍ 14-ന് തീയേറ്ററുകളിലെത്തിയ ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ നിരാശപ്പെടുത്തുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ അനുജനായ അനൂപ് നിര്‍മിച്ച ഈ മുഴുനീള കോമഡി സിനിമ സംവിധാനം ചെയ്തത് നവാഗതനായ മമാസ് ആണ്. ആദ്യ ഷോ കഴിഞ്ഞിറങ്ങിയവര്‍ പടം ഒട്ടും കൊള്ളില്ല എന്ന് അഭിപ്രായപ്പെടുന്നതിനാല്‍ ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പടത്തിന് പ്രേക്ഷകര്‍ ഇല്ലാതാകും എന്ന് വിലയിരുത്തപ്പെടുന്നു.

2010-ലെ വിഷുവിന് നാല് സിനിമകളാണ് മത്സരിക്കുന്നത്. മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ്, ദിലീപിന്റെ പാപ്പി അപ്പച്ചന്‍, കലാഭവന്‍ മണിയുടെ പുള്ളിമാന്‍, മോഹന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി എന്നിവയാണ് ഈ ചിത്രങ്ങള്‍. ഇതില്‍ പാപ്പി അപ്പച്ചന്‍ ഇറങ്ങിക്കഴിഞ്ഞു. മറ്റ് മൂന്ന് ചിത്രങ്ങളും വിഷുദിനമായ ഏപ്രില്‍ 15-നാണ് ഇറങ്ങുന്നത്.

ദിലീപിന്റെ ഭാഗ്യനായികയായ കാവ്യാ മാധവന്‍ ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന സിനിമയായിരുന്നു പാപ്പി അപ്പച്ചന്‍. നിരക്ഷരനായ ഒരു അപ്പന്റെയും മകന്റെയും കഥയാണിത്. സുഹൃത്തുക്കളെ പോലെ ജീവിക്കുന്ന അപ്പച്ചനും മകനും ഒരു സുപ്രഭാതത്തില്‍ പിണങ്ങുകയാണ്. എന്തിനുവേണ്ടി എന്ന് സിനിമ കണ്ടിറങ്ങുന്നവര്‍ ചോദിക്കുന്നു. അത്രയ്ക്ക് ദുര്‍ബലമായ കാര്യങ്ങളാണ് പിണക്കത്തിന് കാരണമായി സിനിമയില്‍ കാണിക്കുന്നത്. ഇന്നസെന്റാണ് അപ്പച്ചനായി വേഷമിടുന്നത്.

മോശം തിരക്കഥയും സംവിധായകന്റെ പരിചയക്കുറവുമാണ് പാപ്പി അപ്പച്ചാ എന്ന സിനിമയ്ക്ക് വിനയായത്. തമാശയ്ക്ക് വേണ്ടി തല്ലിപ്പഴുപ്പിച്ചെടുത്ത തമാശകള്‍ സിനിമയിലുടനീളം മുഴച്ചുനില്‍‌ക്കുന്നു. സ്വന്തം ലേഖകന്‍, ബോഡി ഗാര്‍ഡ്, ആഗതന്‍ എന്നീ സിനിമകളുടെ പരാജയശേഷം വീണ്ടുമൊരു ഫ്ലോപ്പ് സിനിമയാണ് പാപ്പി അപ്പച്ചനിലൂടെ ദിലീപിനെ തേടി വന്നിരിക്കുന്നത്.

ദുബായിലെ പ്രമുഖ കോര്‍പറേറ്റ് ഉടമയായ പ്രതാപവര്‍മ്മയുടെ ആകസ്മിക മരണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് മോഹന്‍ലാല്‍ നായകനാകുന്ന ‘അലക്സാണ്ടര്‍ ദ ഗ്രേറ്റ്’ എന്ന സിനിമയുടെ പ്രമേയം. പ്രതാപവര്‍മ്മയുടെ മരണത്തോടെ സ്വത്തുക്കളെല്ലാം സ്വന്തമായെന്ന് കരുതുന്നവര്‍ അറിയുന്നത് സ്വത്തുക്കളെല്ലാം എഴുതിവച്ചിരിക്കുന്നത് അലക്സാണ്ടര്‍ എന്ന ആളുടെ പേരിലാണ് എന്നാണ്.

അലക്സാണ്ടറെ ദുബായിയില്‍ കൊണ്ടുവരാനും സ്വത്തുക്കള്‍ സ്വന്തമാക്കാനുമുള്ള ശ്രമങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അനുഗ്രഹ ആര്‍ട്ട്സിന്റെ ബാനറില്‍ വി.ബി.കെ മേനോനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി നാഗവള്ളിയാണ് സംവിധാനം. സായ്‌കുമാര്‍, സിദ്ധിഖ്, ബാല, ജഗദീഷ്, നെടുമുടി വേണു, ഗണേഷ്, ശ്രീലത, ഹണി തുടങ്ങിയവര്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൃഷ്ണവിഗ്രഹങ്ങളുടെയും കൊന്നപ്പൂക്കളുടെയും ഗ്രാമമായ പെരുമണ്ണൂരിലെ പ്രിയഗായകന്‍ കുഞ്ഞുണ്ണിയുടെയും കൂട്ടുകാരുടെയും കഥയാണ് പുള്ളിമാന്‍ പറയുന്നത്. അനില്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന പുള്ളിമാനില്‍ കുഞ്ഞുണ്ണിയെ അവതരിപ്പിക്കുന്നത് കലാഭവന്‍ മണി. നായിക മീര നന്ദന്‍. നിര്‍മാണം റൂബന്‍സ് മീഡിയ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ആന്‍റണി പൈമ്പിള്ളില്‍.

അച്ഛനെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത ഒരു ആറാം ക്ലാസുകാരന്‍ അച്ഛനെഴുതുന്ന കത്തുകള്‍ മറ്റു പലരുടെയും ജീവിതത്തിലുണ്ടാക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി എന്ന ചിത്രത്തിന്റെ പ്രമേയം. മോഹന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോന്‍, ശ്വേത മേനോന്‍, ജഗദീഷ്, ജഗതി ശ്രീകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :