ഒടുവില്‍ ഇഡിയറ്റ്സ് തമിഴിലെത്തുകയാണ്. ലോകമെങ്ങും ഹിറ്റായ ‘3 ഇഡിയറ്റ്സ്’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. അമീര്‍ ഖാന്‍ അവതരിപ്പിച്ച റാഞ്ചോദാസ് ശ്യാമള്‍ദാസ് ചന്‍ചഡ്(റാഞ്ചോ) എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് ഇളയദളപതി വിജയ്.
ജെമിനി ഫിലിം സര്‍ക്യൂട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ കരാറില്‍ വിജയ് ഒപ്പിട്ടു. മുന്നാഭായ് എം ബി ബി എസിനെ തമിഴില്‍ വസൂല്‍രാജയായും ‘ആര്യ’ എന്ന തെലുങ്ക് ചിത്രത്തെ തമിഴില്‍ ‘കുട്ടി’ ആയും റീമേക്ക് ചെയ്തത് ഈ നിര്‍മ്മാണക്കമ്പനിയാണ്.
മാധവന്‍ അവതരിപ്പിച്ച ഫര്‍ഹാന്‍ ഖുറേഷി എന്ന കഥാപാത്രത്തെ ഉദയനിധി സ്റ്റാലിന്‍ അവതരിപ്പിക്കുമെന്നതാണ് ഒരു പ്രത്യേകത. സര്‍മന്‍ ജോഷി അവതരിപ്പിച്ച രാജു റസ്തോഗിയായി ഒരു പുതുമുഖം വേഷമിടും. ബൊമന്‍ ഇറാനി അനശ്വരമാക്കിയ വൈറസ് എന്ന കഥാപാത്രമായി പ്രകാശ്‌രാജ് പ്രത്യക്ഷപ്പെടും.
ഈ ചിത്രത്തിന്‍റെ സംവിധായകനാകാനായി തമിഴില്‍ മത്സരം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ധരണിയ്ക്കോ വിഷ്ണുവര്‍ദ്ധനോ നറുക്കു വീഴുമെന്നാണ് സൂചന. രത്നവേലുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സിദ്ദിഖ്, ജയം രാജ എന്നിവരുടെ പ്രൊജക്ടുകള്‍ വിജയ് ഇതിനകം തന്നെ പ്ലാന്‍ ചെയ്തിട്ടുണ്ട്. അതിനു മുമ്പ് ചിലപ്പോള്‍ ‘ഇഡിയറ്റ്സ്’ റീമേക്ക് ചെയ്തേക്കുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.