സുരാജ് വെഞ്ഞാറമ്മൂട് നായകനായ ആദ്യചിത്രം ‘ഡ്യൂപ്ലിക്കേറ്റ്’ ആയിരുന്നു. ആ ചിത്രം മികച്ച വിജയം നേടിയതോടെ സുരാജിനെ നായകനാക്കി ഒട്ടേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്.
‘ഞാന്‍ പരിധിക്കപ്പുറത്താണ്’ എന്നാണ് ഈ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡെടുത്ത് കുത്തുപാളയെടുക്കുന്ന ചെറുപ്പക്കാരനായാണ് സുരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചെലവുകുറഞ്ഞ ഒരു കോമഡിച്ചിത്രമാണിത്.
ക്രെഡിറ്റ് കാര്‍ഡിന്‍റെ പരിധിക്കപ്പുറത്ത് പര്‍ച്ചേസ് ചെയ്ത് സാമ്പത്തികമായി തകര്‍ന്നു പോകുന്ന ഒരു ചെറുപ്പക്കാരന്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ നര്‍മ്മത്തിന്‍റെ അകമ്പടിയില്‍ അവതരിപ്പിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ബാലന്‍ മേനോന്‍. ടി കെ രാജീവ് കുമാറിന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ബാലന്‍ മേനോന്‍.
കലവൂര്‍ രവികുമാറാണ് ഈ ചിത്രത്തിന്‍റെ കഥ രചിച്ചിരിക്കുന്നത്. മേയ് മാസത്തിലായിരിക്കും ‘ഞാന്‍ പരിധിക്കപ്പുറത്താണ്’ ഷൂട്ടിംഗ് തുടങ്ങുക. നീലത്താമരയ്ക്ക് ശേഷം സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.