തിലകനെ അഭിനയിപ്പിക്കുമെന്ന് ഷാജി എന്‍ കരുണ്‍

Shaji N Karun
WEBDUNIA|
PRO
PRO
സൂപ്പര്‍‌താരങ്ങളും അവരുടെ ഫാന്‍‌സുകാരും താരസംഘടനയായ അമ്മയും തിലകനെതിരെ വാളോങ്ങുമ്പോള്‍ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ വ്യത്യസ്തമായൊരു പ്രസ്താവനയുമായി രംഗത്ത്. നടന്‍ തിലകന്‌ പറ്റിയ റോള്‍ തന്റെ അടുത്ത സിനിമയില്‍ ഉണ്ടായാല്‍ ആരെതിര്‍ത്താലും തിലകനെ അഭിനയിപ്പിക്കുമെന്നാണ് ഷാജി പറഞ്ഞത്. കോട്ടയം പ്രസ്‌ ക്‌ളബിന്റെ മീറ്റ്‌ ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിലകനെ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയും സാങ്കേതിക വിദഗ്‌ധരും സംഘടനകളും എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ താന്‍ സംവിധാനം എന്ന തൊഴില്‍ എന്നന്നേക്കുമായി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ തന്റെ ആത്‌മഹത്യയായിരിക്കും അത്.

“തിലകനെ സിനിമയില്‍ നിന്ന് വിലക്കിയാല്‍ സംഘടനകള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. എന്നാല്‍ ആത്യന്തിക നഷ്‌ടം പ്രേക്ഷകര്‍ക്കാണ്‌ ഉണ്ടാവുക. തിലകനോട് ഇപ്പോള്‍ കാട്ടിയിരിക്കുന്നത് മനുഷ്യത്വരാഹിത്യമാണ്‌. ചരിത്രം പരിശോധിക്കുക. വ്യക്തിയാണ് എപ്പോഴും കൂട്ടത്തെ നന്നാക്കിയിട്ടുള്ളത്. അല്ലാതെ ഒരു സംഘടനയും കൂട്ടത്തെ നന്നാക്കിയിട്ടില്ല.”

“ജനം അംഗീകരിച്ചു കഴിഞ്ഞാല്‍ കലാകാരന്‍ പൊതുസ്വത്താണ്‌. സംഘടനയ്ക്കും മുകളിലാണ്‌ കലയും കലാകാരനും. ഇതെല്ലാവരും മനസിലാക്കുന്നത് നന്ന്. തിലകന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഒരു ചര്‍ച്ചയായി ചലച്ചിത്രരംഗത്ത്‌ ഒരു ശുദ്ധീകരണത്തിന്‌ വഴിയൊരുക്കുമെന്നാണ് എന്റെ പ്രതീക്ഷ” - ഷാജി പറഞ്ഞു.

മമ്മൂട്ടി നായകനായി അഭിനയിച്ച, തന്റെ ഏറ്റവും പുതിയ ചിത്രമായ കുട്ടിസ്രാങ്ക് ഉടന്‍ തീയേറ്ററുകളില്‍ എത്തുമെന്നും ഷാജി പറഞ്ഞു. മോഹന്‍ലാല്‍ നായകനാകുന്ന ടി. പത്‌മനാഭന്റെ 'കടലി'ന്റെ ജോലികള്‍ ആരംഭിച്ചു. ഇതിന്റെ ചിത്രീകരണം കടലില്ലാത്ത രാജസ്ഥാനിലോ മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ആയിരിക്കും.

ദേശീയ സിനിമാ അവാര്‍ഡില്‍ മലയാളം തഴയപ്പെട്ടു എന്ന ആരോപണത്തെ പറ്റിയും ഷാജി സംസാരിച്ചു. മറ്റ്‌ ഭാഷകളിലെ സിനിമകള്‍ കാലത്തിനൊത്ത്‌ മാറിയതനുസരിച്ച്‌ മലയാള സംവിധായകര്‍ക്ക്‌ മാറാന്‍ കഴിയാതിരുന്നതിനാലാണ്‌ ദേശീയ അവാര്‍ഡില്‍ മലയാളത്തിന്‌ കൂടുതല്‍ സ്ഥാനം ലഭിക്കാതെ പോയത്‌. ജൂറി ചെയര്‍മാനായ താന്‍ പക്ഷപാതിത്വം കാട്ടിയത് കൊണ്ടാണ് മലയാളം തഴയപ്പെട്ടത് എന്ന് കരുതരുതെന്നും ഷാജി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :