മമ്മൂട്ടി മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന സിനിമ പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. പൃഥ്വിരാജ് മൂന്നു വേഷങ്ങളില്‍ അഭിനയിക്കുന്ന ‘രഘുപതി രാഘവ രാജാറാം’ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകും. ഇനി ജയസൂര്യയുടെ ഊഴമാണ്. അതെ, ജയസൂര്യയും ഒരു ചിത്രത്തില്‍ മൂന്നു വേഷങ്ങളില്‍ എത്തുകയാണ്.
നവാഗതനായ അജി ജോണ്‍ സംവിധാനം ചെയ്യുന്ന ‘നല്ലവന്‍’ എന്ന ചിത്രത്തിലാണ് ജയസൂര്യയുടെ ട്രിപ്പിള്‍ റോള്‍. പതിനെട്ടുകാരന്‍ പയ്യനായും 28കാരനായും 35കാരനായുമാണ് ജയസൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. വാരണം ആയിരത്തിലെ സൂര്യയുടെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളായിരിക്കും ഇവയെന്നാണ് സൂചന. തന്നിലെ അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളാണ് നല്ലവനില്‍ ലഭിച്ചിരിക്കുന്നതെന്ന് ജയസൂര്യ പറയുന്നു.
പാലേരി മാണിക്യത്തിലൂടെ മലയാളിയുടെ മനസു കീഴടക്കിയ മൈഥിലിയാണ് ഈ ചിത്രത്തില്‍ ജയസൂര്യയുടെ നായികയാവുന്നത്. മൈഥിലിയുടെ മൂന്നാമത്തെ ചിത്രമാണ് നല്ലവന്‍. ‘ചട്ടമ്പിനാട്‘ എന്ന മമ്മൂട്ടിച്ചിത്രത്തിലും മൈഥിലി അഭിനയിച്ചിരുന്നു.
ഷമ്മി തിലകന്, സായി കുമാര്, ബിജുക്കുട്ടന്‍, സുധീഷ്, മണിയന്‍പിളള രാജു തുടങ്ങിയവരും നല്ലവനില്‍ അഭിനയിക്കുന്നുണ്ട്. ജനുവരി 20നാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.