മലയാളത്തിന്‍റെ ഇതിഹാസ ചിത്രം പഴശ്ശിരാജയുടെ വീഡിയൊ അവകാശം മോസര്‍ബെയറിന്. റെക്കോര്‍ഡ് തുകയ്ക്കാണ് മോസര്‍ബെയര്‍ എല്ലാ ഭാഷകളിലുമുള്ള വീഡിയോ അവകാശം സ്വന്തമാക്കിയത്. മലയാളത്തിലെ എറ്റവും ചെലവേറിയ ചിത്രമായ പഴശ്ശിരാജയ്ക്ക് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രേക്ഷരുണ്ടാവുമെന്ന് മോസര്‍ബെയര്‍ സി ഒ ഒ ജി ധനഞ്ജയന്‍ പറഞ്ഞു.
അടുത്ത വര്‍ഷം ഏപ്രിലില്‍ പഴശ്ശിരാജയുടെ ഡിവിഡിയും വിസിഡിയും മോസര്‍ബെയര്‍ വിപണിയിലിറക്കും. ബ്ലൂ റേ ഫോര്‍മാറ്റില്‍ തയ്യാറാക്കുന്ന ഡി വി ഡി പ്രേക്ഷകര്‍ക്ക് ഒരു പുതിയ ദൃശ്യാനുഭവമായിരിക്കുമെന്നും ധനഞ്ജയന്‍ പറഞ്ഞു. പഴശ്ശിരാജയുടെ സാറ്റ്‌ലൈറ്റ് റൈറ്റ് 2.60 കോടി രൂപയ്ക്ക് നേരത്തെ ഏഷ്യാനെറ്റ് സ്വന്തമാക്കിയിരുന്നു.
ശ്രീ ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് പഴശ്ശിരാജ നിര്‍മിച്ചത്. 27 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചിത്രം 30 ദിവസങ്ങള്‍ കൊണ്ട് 12 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴും എല്ലാ കേന്ദ്രങ്ങളിലും 70 ശതമാനത്തിനു മേല്‍ കളക്ഷനാണ് ലഭിക്കുന്നത്. മിക്ക കേന്ദ്രങ്ങളിലും പഴശ്ശിരാജ 100 ദിവസം തികച്ചേക്കും. കഴിഞ്ഞ ആഴ്ചയാണ് പഴശ്ശിരാജയുടെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ റിലീസ് ചെയ്തത്.
രാജ്യത്തിന്‍റെ സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി ബ്രിട്ടീഷുകാരോട് പടവെട്ടിയ പഴശ്ശിയെ മമ്മൂട്ടി അനശ്വരമാക്കിയപ്പോള്‍ എടച്ചേന കുങ്കനായി ശരത് കുമാറും തലയ്ക്കല്‍ ചന്തുവായി മനോജ് കെ ജയനുമെല്ലാം പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
എം ടി വാസുദേവന്‍ നായരുടെ തിരക്കഥയും റസൂല്‍പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ഇളയരാജ-ഒഎന്‍വി ടീമിന്‍റെ സംഗീതവും ഹരിഹരന്‍റെ സംവിധാനവും പഴശ്ശിയെ മലയാളം കണ്ട എക്കാലത്തെയും വലിയ പ്രതിഭാസംഗമ ചിത്രമാക്കി മാറ്റിയിരുന്നു.