ബോളിവുഡ് നായിക കത്രീന കൈഫ് പാട്ടുകാരിയാവുന്നു! അതും ഓസ്കാര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ ആല്‍ബത്തിനു വേണ്ടി. അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുന്ന റഹ്മാന്റെ ആല്‍ബത്തില്‍ നേഴ്സറിപ്പാട്ടാണ് ബോളിവുഡ് സുന്ദരി പാടുക.
റഹ്മാന്‍ ചോദിച്ചപ്പോള്‍ പാടാമെന്ന് സമ്മതിച്ചു എങ്കിലും കത്രീന ഇപ്പോള്‍ വെട്ടിലായ മട്ടിലാണ്. കാരണം മറ്റൊന്നുമല്ല. റഹ്മാന്‍ പാടണമെന്ന് പറഞ്ഞ് സമീപിച്ചപ്പോള്‍ പാട്ട് ഇംഗ്ലീഷിലായിരിക്കുമെന്ന് കരുതി. പക്ഷേ, കാര്യത്തോട് അടുത്തപ്പോഴാണ് പ്രശ്നം പിടികിട്ടിയത്, ഹിന്ദിയില്‍ തന്നെ പാടണം!
ഹിന്ദിയും താനുമായി അത്ര നല്ല സുഖത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണെന്ന് കത്രിക്കും അറിയാം. എങ്കിലും റഹ്മാന്‍ അറിഞ്ഞിരുന്നുകൊണ്ട് ഇത്തരത്തില്‍ കുടുക്കിയല്ലോ എന്നാവും കത്രീന കരുതുന്നത് എന്നുകരുതിയാല്‍ തെറ്റി. വെല്ലുവിളികള്‍ തന്നെ ശല്യപ്പെടുത്താന്‍ അനുവദിക്കില്ല എന്നാണ് കത്രീനയുടെ നിലപാട്. റഹ്മാന്റെ ആല്‍ബത്തില്‍ എന്തു സംഭവിച്ചാലും ഹിന്ദിയില്‍ തന്നെ പാടുമെന്നാണ് കത്രീനയുടെ തീരുമാനം.
കുട്ടികളെ ഇഷ്ടപ്പെടുന്ന കത്രീന ഹിന്ദി പ്രശ്നം മറികടക്കാന്‍ ഒരു പദ്ധതിയും ആസൂത്രണം ചെയ്തു. കുട്ടികളുമായി അടുത്തിടപെട്ട് പാട്ടിന്റെ ഉച്ചാരണം മനസ്സിലാക്കാമെന്നാണ് കത്രീന കരുതുന്നത്.