കരണ് ജോഹര്‍ എന്ന വ്യക്തിയ്ക്ക് ബോളിവുഡ് നല്‍കുന്ന ആദരവ് വളരെ വലുതാണ്. ഷാരുഖ് ഖാനും അമിതാഭ് ബച്ചനും പോലും കരണിന്‍റെ പ്രതിഭയെ അംഗീകരിക്കുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ വിസ്മയ വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് കരണ്‍. എന്നാല്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയിലോ? അതിലും താന്‍ മോശമല്ല എന്നു തെളിയിക്കുകയാണ് ഈ ഷോമാന്‍.
കരണ്‍ ഇപ്പോള്‍ ഹാട്രിക് നേട്ടത്തിനരികിലാണ്. താന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ പുതുമുഖ സംവിധായകന്‍റെ ചിത്രം വെള്ളിയാഴ്ച റിലീസാകുകയാണ് - അതേ, കരീനയുടെ പോസ്റ്ററുകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘കുര്‍ബാന്‍’ തന്നെ. ഈ സിനിമയും ഹിറ്റായാല്‍ ഒരു നിര്‍മ്മാതാവെന്ന നിലയില്‍ കരണ്‍ ജോഹറിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമായിരിക്കും അത്.
IFM
‘ദോസ്താന’യിലൂടെ തരുണ്‍ മന്‍സുഖാനിയെയും ‘വേക്ക് അപ് സിഡ്’ എന്ന ചിത്രത്തിലൂടെ അയന്‍ മുഖര്‍ജിയെയും ബോളിവുഡിന് സമ്മാനിച്ച കരണ്‍ ജോഹര്‍ കുര്‍ബാനിലൂടെ റെന്‍സില്‍ ഡിസില്‍വയെ അവതരിപ്പിക്കുകയാണ്. ദോസ്താന ചിരിയുടെ കലാപം സൃഷ്ടിച്ച സിനിമയായിരുന്നു എങ്കില്‍ ‘വേക്ക് അപ് സിഡ്’ യുവതയെ പ്രചോദിപ്പിക്കുന്ന ഒരു നല്ല സിനിമയായിരുന്നു. കുര്‍ബാനിലാകട്ടെ പ്രണയവും തീവ്രവാദവുമാണ് പ്രമേയമാകുന്നത്.
പുതിയ സംവിധായകര്‍ക്ക് ഒരു നല്ല പ്ലാറ്റ്ഫോം നല്‍കുകയാണ് താന്‍ ഈ സിനിമകളുടെ നിര്‍മ്മാണം ഏറ്റെടുത്തതിലൂടെ ചെയ്തത് എന്നാണ് കരണ്‍ പറയുന്നത്. ‘ഈ സംവിധായകരൊക്കെ കഴിവുള്ളവരാണ്. അവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രം ചെയ്യാനാണ് ഞാന്‍ സഹായിക്കുന്നത്’ - കരണ്‍ പറയുന്നു. കുര്‍ബാന്‍ വിജയമായാല്‍ കരണിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നായി മാറും.