ഇമ്രാന് ഹഷ്മിയും സോഹാ അലി ഖാനും ജോഡിയായ ‘തും മിലേ’ എന്ന ഹിന്ദി ചലച്ചിത്രത്തിന് ഗുജറാത്തില്‍ വിലക്ക്. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് തിയേറ്ററുകള്‍ക്ക് മഹാഗുജറാത്ത് ജനതാ പാര്‍ട്ടി(എം ജെ പി) നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് തും മിലേ പ്രദര്‍ശിപ്പിക്കുന്നതിനോട് തിയേറ്ററുകള്‍ക്ക് താല്‍പര്യമില്ലത്രേ.
തും മിലേ നിര്‍മ്മിച്ചത് മഹേഷ് ഭട്ട് ആയതിനാലാണ് എം ജെ പി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ അറസ്റ്റിലായ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയുമായി മഹേഷ് ഭട്ടിന്‍റെ പുത്രന്‍ രാഹുല്‍ ഭട്ടിന് ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് സിനിമ ഗുജറാത്തില്‍ തടയാന്‍ എം ജെ പിയെ പ്രേരിപ്പിച്ചിരിക്കുന്നത്.
ഗുജറാത്തിലെ മള്‍ട്ടിപ്ലക്സ് അസോസിയേഷന് ‘ചിത്രം പ്രദര്‍ശിപ്പിക്കരുത്’ എന്ന ഔദ്യോഗിക നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ തും മിലേ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് തിയേറ്ററുകള്‍. രാഷ്ട്രീയപ്പാര്‍ട്ടികളെ വെറുപ്പിച്ച് വ്യവസായത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല എന്നതുതന്നെ കാരണം.
മുംബൈയിലെ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് തും മിലേ പറയുന്നത്. ഏറെ പ്രതീക്ഷയുണര്‍ത്തിയ ഈ സിനിമ പക്ഷേ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ പരാജയപ്പെട്ടു. കുനാല്‍ ദേശ്മുഖാണ് ചിത്രത്തിന്‍റെ സംവിധായകന്‍.