ചിരിച്ചിത്രങ്ങളുടെ രാജാവ് സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രം ബോഡിഗാര്‍ഡ് ഡിസംബര്‍ നാലിന് റിലീസ് ചെയ്യും. ദിലീപും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ഈ സിനിമ ‘ഷുവര്‍ഹിറ്റ്’ ആകുമെന്നാണ് സിനിമാലോകത്തെ പ്രതീക്ഷ. എന്തായാലും ചിത്രം റിലീസാകും മുമ്പേ ബോഡിഗാര്‍ഡിന് തമിഴ് റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. സിദ്ദിഖ് തന്നെ സംവിധാനം ചെയ്യുന്ന തമിഴ് ബോഡിഗാര്‍ഡില്‍ നായകന്‍ ഇളയദളപതി വിജയ്!
എന്നാല്‍ തമിഴ് ബോഡിഗാര്‍ഡിന്‍റെ ചിത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്ന് പറയാറായിട്ടില്ല. ഷൂട്ടിംഗ് തുടങ്ങുന്ന കാര്യം തീരുമാനിക്കേണ്ടത് വിജയ് ആണെന്ന് സിദ്ദിഖ് പറഞ്ഞു.
“ഞാന്‍ ബോഡിഗാര്‍ഡിന്‍റെ കഥ വിജയ്‌യോടു പറഞ്ഞു. കോമഡിയും ആക്ഷനും ഇടകലര്‍ന്ന ഒരു സിനിമയാണത്. കഥ കേട്ടപ്പോള്‍ തന്നെ വിജയ്ക്ക് ഇഷ്ടമായി. ഇത് തമിഴില്‍ എടുക്കാമെന്നും താന്‍ അഭിനയിക്കാമെന്നും വിജയ് അറിയിക്കുകയായിരുന്നു. ഇപ്പോള്‍ വിവിധ ചിത്രങ്ങളുടെ തിരക്കിലാണ് വിജയ്. അതുകൊണ്ടു തന്നെ തമിഴ് ബോഡിഗാര്‍ഡിന്‍റെ ചിത്രീകരണം വിജയ്‌യുടെ ഡേറ്റ് ലഭിക്കുന്നതിനനുസരിച്ച് ആരംഭിക്കും” - സിദ്ദിഖ് വ്യക്തമാക്കി.
തമിഴില്‍ ഫ്രണ്ട്സ്, എങ്കള്‍ അണ്ണ, സാധു മിരണ്ടാ എന്നീ സിനിമകളാണ് സിദ്ദിഖ് സംവിധാനം ചെയ്തിട്ടുള്ളത്. ഫ്രണ്ട്സില്‍ വിജയ് ആയിരുന്നു നായകന്‍. ആ ചിത്രം സൂപ്പര്‍ഹിറ്റായതോടെയാണ് തമിഴര്‍ക്കും സിദ്ദിഖ് പ്രിയങ്കരനായത്.