തന്‍റെ മുന്‍ ചിത്രങ്ങളായ ചെന്നൈ 600028, സരോജ എന്നിവയേക്കാള്‍ രസകരമായിരിക്കും പുതിയ ചിത്രമായ ‘ഗോവ’യെന്ന് തമിഴ് സംവിധായകന്‍ വെങ്കട്ട് പ്രഭു. ഗോവയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വെങ്കട്ട് പ്രഭു ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ചിത്രത്തിന്‍റെ ഔട്ട്‌പുട്ടില്‍ ‘ഹാപ്പി’യാണ് സംവിധായകന്‍.
“ചെന്നൈ 28, സരോജ എന്നീ സിനിമകളേക്കാള്‍ ഫണ്‍ ആയിരിക്കും ഗോവ. എന്‍റെ മുന്‍ ചിത്രങ്ങള്‍ നഗരജീവികളായ യുവാക്കളുടെ കഥയാണ് പറഞ്ഞതെങ്കില്‍ ഗോവ തേനി ബോയ്സിന്‍റെ കഥയാണ്. ജീവിതത്തെക്കുറിച്ച് യാതൊരുവിധ ആകുലതകളുമില്ലാത്ത, എപ്പോഴും സന്തോഷത്തോടെ ജീവിക്കുക എന്ന പ്രിന്‍സിപ്പിളിന് വിധേയരായ യുവാക്കളുടെ കഥയാണിത്” - വെങ്കട് പ്രഭു വ്യക്തമാക്കുന്നു.
നാലു യുവാക്കള്‍ ഗോവയിലേക്ക് യാത്ര പോകുന്നു. അവിടെവച്ചു തന്നെ ഈ നാലു പേരും അവരുടെ പ്രണയപങ്കാളികളെയും കണ്ടെത്തുന്നു. ഈ സിനിമ ഒരു ത്രില്ലറല്ല, എന്നാല്‍ തമാശ നിറഞ്ഞ ഒരു യൂത്ത്‌ഫുള്‍ മൂവിയാണ്.
“ജയ് തന്‍റെ ജോഡിയാക്കുന്നത് പിയയെയാണ്. വൈഭവിന് സ്നേഹയാണ് നായിക. അരവിന്ദ് ആകാശിനും പ്രേംജി അമരനും ജോഡികളുണ്ട്. ഓസ്ട്രേലിയന്‍ സുന്ദരി മെലോണിയെ ആര്‍ക്കാണ് ലഭിക്കുന്നത് എന്നതാണ് കഥയുടെ സസ്പെന്‍സ്. പ്രേംജിക്ക് ഒട്ടേറെ പഞ്ചു ഡയലോഗുകളും രണ്ട് വ്യത്യസ്ത ഗെറ്റ് അപ്പുകളും ചിത്രത്തിലുണ്ട്.” - വെങ്കട് പ്രഭു വെളിപ്പെടുത്തുന്നു.
“എന്ന കൊടുമൈ ശരവണന്‍?” എന്ന പ്രേംജി ഡയലോഗ് തമിഴ് സിനിമാപ്രേക്ഷകര്‍ അടുത്തകാലത്തൊന്നും മറക്കില്ല. അതുകൊണ്ടുതന്നെ ഗോവയ്ക്കായി യുവാക്കള്‍ കാത്തിരിക്കുകയാണ്. മാത്രമല്ല ‘നയന്‍താര’യുടെ ഐറ്റം സോംഗും ‘ഗോവ’യെ ഇളക്കിമറിക്കും.