ബോളിവുഡിലെ ബെബോയ്ക്ക് ശിവസൈനികരുടെ വക ഒരു സാരി! ശിവസേനക്കാര്‍ കരീനയ്ക്ക് നേരിട്ടല്ല സാരി നല്‍കിയത്. ‘ഖുര്‍ബാന്‍’ എന്ന ചിത്രത്തിലെ അമിത മേനിപ്രദര്‍ശനമുള്ള ഒരു പോസ്റ്ററില്‍ ശിവസൈനികര്‍ സാരി ചുറ്റി കരീനയുടെ നഗ്നത മറയ്ക്കുകയായിരുന്നു!
പോസ്റ്റര്‍ കാണുന്ന വനിതകളിലും കുട്ടികളിലും അത് അപകടകരമായ സ്വാധീനം ചെലുത്തുമെന്നാണ് വനിതാ ശിവസേന പ്രവര്‍ത്തകരുടെ നിലപാട്. ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ക്ക് അനുമതി നല്‍കിയ അധികൃതരും കുറ്റക്കാരാണെന്ന് ഇവര്‍ വാദിക്കുന്നു.
ഒരു പോസ്റ്ററില്‍ സാരി ചുറ്റിയതുകൊണ്ട് പ്രതിഷേധം അവസാനിച്ചു എന്ന് കരീന കരുതിയാല്‍ തെറ്റി. പ്രതിഷേധ സൂചകമായി കരീനയുടെ വീട് സന്ദര്‍ശിച്ച് ഒരു സാരി നേരിട്ട് നല്‍കാനും പദ്ധതിയുണ്ടെന്ന് ശിവസേനാ വക്താക്കള്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍, ശിവസേനക്കാരുടെ സാരിയൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്ന് കരീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖുര്‍ബാന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഒരു പരിപാടിക്കിടെയാണ് സാരിക്കാര്യവും വിഷയമായത്. ശിവസേന നല്‍കുന്ന സാരി നല്ലതായിരിക്കും എന്നാണ് പ്രതീക്ഷയെന്നും കരീന പറഞ്ഞു. കരണ്‍ ജോഹറുടെ പുതിയ ചിത്രമായ ‘ഖുര്‍ബാന്‍’ ഈ മാസം അവസാനമാണ് റിലീസ് ചെയ്യുന്നത്.