താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിനെക്കുറിച്ച് അനുഭാവപൂര്‍വം ആലോചിക്കുമെന്ന് മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’. നിര്‍മ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് അമ്മയുടെ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. സിനിമയുടെ നിര്‍മ്മാണച്ചെലവ് മൂന്നരക്കോടിയില്‍ കൂടാതിരിക്കാന്‍ താരങ്ങളുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകുമെന്നും അമ്മ അറിയിച്ചിട്ടുണ്ട്. ഇതോടെ സിനിമാരംഗത്ത് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി.
വ്യാഴാഴ്ച രാവിലെയാണ് അമ്മയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും ഭാരവാഹികള്‍ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് ശേഷം ഉണ്ടായിട്ടുള്ള ചില തീരുമാനങ്ങള്‍ ഇവയാണ്.
1. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യം അനുഭാവപൂര്‍വ്വം ആലോചിക്കും.
2. നിര്‍മ്മാണച്ചെലവ് 3.5 കോടിയില്‍ കൂടാതിരിക്കാന്‍ താരങ്ങളുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകും.
3. ചിത്രീകരണം 45 ദിവസങ്ങളില്‍ കൂടാന്‍ പാടില്ല.
4. ലൊക്കേഷനുകളില്‍ താരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു.
5. ഓരോ ദിവസവും രാവിലെ ഏഴുമണിക്കു തന്നെ ചിത്രീകരണം ആരംഭിക്കും.
6. 45 ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ തിരക്കഥ താരങ്ങള്‍ക്ക് നല്‍കണം. തിരക്കഥ വായിച്ച ശേഷം മാത്രമേ താരങ്ങള്‍ ഡേറ്റ് നല്‍കുകയുള്ളൂ.
ചര്‍ച്ച സൌഹാര്‍ദ്ദപരമായിരുന്നു എന്ന് അമ്മയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നസെന്‍റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സിദ്ദിഖ്, വിജയരാഘവന്‍, ഇടവേള ബാബു, കുഞ്ചാക്കോ ബോബന്‍, സുരേഷ്കുമാര്‍, വിന്ധ്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എന്നാല്‍, ജോഷി സംവിധാനം ചെയ്യുന്ന ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയുടെ നിര്‍മ്മാണം സംബന്ധിച്ച് തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ വെള്ളിയാഴ്ച പ്രത്യേക ചര്‍ച്ച നടക്കുമെന്നറിയുന്നു.