മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് സിനിമകള്‍ റീമേക്ക് ചെയ്യുന്ന പരിപാടി അവസാനിപ്പിച്ചു എന്ന് അടുത്തിടെയാണ് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റീമേക്ക് ചെയ്യാന്‍ കഴിയുന്ന നല്ല മലയാള സിനിമകള്‍ ഇപ്പോഴില്ലെന്നും കഴിയാവുന്നവയൊക്കെ താന്‍ റീമേക്ക് ചെയ്തെന്നുമാണ് പ്രിയന്‍ അറിയിച്ചത്. എന്നാലിതാ പ്രിയദര്‍ശന്‍ വീണ്ടും ഒരു മലയാള ചിത്രം ഹിന്ദിയിലേക്ക് പകര്‍ത്തുന്നു. സൂപ്പര്‍ഹിറ്റ് ചിത്രമായ ‘വെള്ളാനകളുടെ നാട്’ ആണ് ഇത്തവണ ഹിന്ദി പറയാനെത്തുന്നത്.
‘ഖട്ടാ മീട്ടാ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പ്രിയന്‍റെ പ്രിയപ്പെട്ട നായകന്‍ അക്ഷയ് കുമാര്‍ മുഖ്യവേഷത്തിലെത്തും. പ്രിയന്‍റെ തന്നെ കണ്ടെത്തലായ ത്രിഷയാണ് ചിത്രത്തില്‍ നായികയാകുന്നത്. ത്രിഷയുടെ ആദ്യ ഹിന്ദിച്ചിത്രമാണ് ഖട്ടാ മീട്ടാ.
‘കോണ്ട്രാക്ടര്‍ സി പി’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് 1988ല്‍ പുറത്തിറങ്ങിയ വെള്ളാനകളുടെ നാട്. റോഡ് കോണ്‍ട്രാക്ടര്‍മാരും രാഷ്ട്രീയക്കാരും ചേര്‍ന്ന നടത്തുന്ന അഴിമതിയുടെയും ജീവിക്കാനായി ഒരു പാവം കോണ്‍ട്രാക്ടര്‍ നടത്തുന്ന തട്ടിപ്പുകളുടെയും കഥയായിരുന്നു ആ ചിത്രം. ശോഭനയായിരുന്നു ചിത്രത്തിലെ നായിക. ‘താമരശേരി ചുരം...’ എന്നു തുടങ്ങുന്ന പ്രശസ്തമായ ‘പപ്പു ഡയലോഗ്’ ഈ ചിത്രത്തിലേതായിരുന്നു. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച വെള്ളാനകളുടെ നാട് സംവിധാനം ചെയ്തതും പ്രിയദര്‍ശന്‍ തന്നെയായിരുന്നു.
ബീഹാറിലെ റോഡ് മാഫിയയുടെ പശ്ചാത്തലമാണ് ഖട്ടാ മീട്ടായ്ക്കു വേണ്ടി പ്രിയദര്‍ശന്‍ ഉപയോഗിക്കുന്നത്. മകരന്ദ് ദേശ്‌പാണ്ഡേ എന്നാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കോമഡിയും ആക്ഷനും കൂട്ടിയിണക്കിയ ഈ സിനിമ 2010ല്‍ അക്ഷയ് കുമാറിന്‍റെ ഏറ്റവും വലിയ പ്രതീക്ഷയാണ്.