ദിലീപും നയന്‍താരയും ജോഡിയാകുന്ന ‘ബോഡിഗാര്‍ഡ്’ ഡിസംബര്‍ നാലിന് റിലീസാകും. കോമഡി രാജാവ് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ത്യാഗരാജന്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കേരളത്തില്‍ 100 തിയേറ്ററുകളിലാണ് ബോഡിഗാര്‍ഡ് റിലീസ് ചെയ്യുന്നത്. ദിലീപ് തന്‍റെ കരിയറിലെ ഏറ്റവും തിരിച്ചടി നേരിടുന്ന സമയമാണിത്. മോസ് ആന്‍റ് ക്യാറ്റ്, സ്വന്തം ലേഖകന്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ നേരിടേണ്ടി വന്ന മോശം പ്രതികരണം നിര്‍മ്മാതാവ് ജോണി സാഗരികയ്ക്ക് ആശങ്ക നല്‍കുന്നുണ്ട്. എങ്കിലും സിദ്ദിഖാണ് സംവിധായകന്‍ എന്നതുകൊണ്ടു തന്നെ ബോഡിഗാര്‍ഡ് അട്ടിമറി വിജയം നേടിയേക്കുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
ക്രിസ്മസിന് മമ്മൂട്ടിയുടെ ചട്ടമ്പിനാട്, മോഹന്‍ലാലിന്‍റെ ഇവിടം സ്വര്‍ഗമാണ്, വിജയ് നായകനാകുന്ന തമിഴ് ചിത്രം വേട്ടൈക്കാരന്‍, ആമിര്‍ഖാന്‍റെ ത്രീ ഇഡിയറ്റ്സ് എന്നിവ റിലീസാകുന്നുണ്ട്. ഈ സിനിമകളോട് നിലവില്‍ ഒരു ദിലീപ് ചിത്രം ഏറ്റുമുട്ടുന്നത് ആത്മഹത്യാപരമായ നീക്കമായിരിക്കും. അതിനാലാണ് ക്രിസ്മസിന് ആഴ്ചകള്‍ക്ക് മുമ്പേ ബോഡിഗാര്‍ഡ് തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാവ് ശ്രമിക്കുന്നത്.
ദിലീപിന്‍റെ നായികയായി നയന്‍സ് അഭിനയിക്കുന്ന ആദ്യ സിനിമയാണ് ബോഡി ഗാര്‍ഡ്. ഗംഭീര കോമഡിയും ഇഴയടുപ്പമുള്ള തിരക്കഥയുമാണ് ചിത്രത്തിന് വിജയപ്രതീക്ഷയേകുന്നത്.
വാല്‍ക്കഷണം: പണ്ട് മമ്മൂട്ടിയുടെ മോശം സമയത്താണ് സിദ്ദിഖ് ‘ക്രോണിക് ബാച്ച്ലര്‍’ ഹിറ്റാക്കിയത്. അന്ന് ദിലീപിന്‍റെ ‘തിളക്കം’ എന്ന സിനിമയ്ക്ക് പിന്നാലേ പോയ തിയേറ്ററുകള്‍ ക്രോണിക് ബാച്ച്ലറിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. ഇപ്പോള്‍ മമ്മൂട്ടിയുടെ സുവര്‍ണകാലമാണ്. ചട്ടമ്പിനാടിനു വേണ്ടി ബോഡിഗാര്‍ഡിനോട് തിയേറ്ററുകള്‍ പക്ഷപാതം കാട്ടുമോ എന്ന പേടിയിലാണ് സിദ്ദിഖ്.