കമലഹാസന് എന്നും അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്ന വ്യക്തിത്വമാണ്. അടുത്ത നീക്കം എന്താണെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത ഒരാള്‍. അതുകൊണ്ടു തന്നെ കമലഹാസന്‍ ഭാഗഭാക്കാകുന്ന ഓരോ സിനിമയ്ക്ക് വേണ്ടിയും സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നു. ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം കമല്‍ നായകനാകുന്ന സിനിമയുടെ ആദ്യവിശേഷങ്ങള്‍ പുറത്തു വന്നിരിക്കുന്നു. ചിത്രത്തിന്‍റെ പേര് - ‘500 ബി സി’. സംവിധാനം മിഷ്കിന്‍.
500 ബി സിയില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. പൂര്‍ണമായും ശ്രീലങ്കയിലായിരിക്കും ചിത്രീകരണമെന്നാണ് ആദ്യ റിപ്പോര്‍ട്ട്. ബുദ്ധന്‍റെ പല്ല് എങ്ങനെ ശ്രീലങ്കയിലെ കാന്‍ഡിയിലുള്ള ക്ഷേത്രത്തില്‍ എത്തി എന്നതാണ് ഈ സിനിമയിലൂടെ അന്വേഷിക്കുന്നത്. കാന്‍ഡിയിലെ ക്ഷേത്രം പ്രധാന ലൊക്കേഷനായിരിക്കും. കലിംഗ രാജാക്കന്‍മാരുടെ പക്കല്‍ നിന്ന് ബുദ്ധന്‍റെ പല്ല് ശ്രീലങ്കയിലെത്തിയതിനു പിന്നിലെ രഹസ്യങ്ങള്‍ ‘500 ബി സി’ അനാവരണം ചെയ്യും.
ചിത്തിരം പേശുതെടി, അഞ്ചാതെ, നന്ദലാല എന്നീ സിനിമകള്‍ക്ക് ശേഷം മിഷ്കിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ ഗവേഷണങ്ങള്‍ ആവശ്യമുള്ള ഈ പ്രമേയം തിരക്കഥയാക്കുന്നതിനായി മാസങ്ങളോളം നീണ്ട പ്രയത്നമാണ് മിഷ്കിന്‍ നടത്തിയിരിക്കുന്നത്. ഇങ്ങനെ ഒരാശയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ കമല്‍ സമ്മതം മൂളുകയായിരുന്നുവത്രേ.
500 ബി സിയിലെ സംഭവങ്ങള്‍ക്കൊപ്പം വര്‍ത്തമാനകാലവും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ചിത്രത്തിന്‍റെ തിരക്കഥ. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. കമലഹാസന്‍ ഇരട്ടവേഷങ്ങളിലായിരിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
വാല്‍ക്കഷണം: ഇതേ ആശയം മുമ്പ് സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സിനിമയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പ്രമേയത്തിന്‍റെ കാഠിന്യം മനസിലാക്കി അദ്ദേഹം പിന്തിരിയുകയായിരുന്നു. കമല്‍ - മിഷ്കിന്‍ ടീമിന് ബുദ്ധന്‍റെ പല്ല് സിനിമയാക്കാനാകുമോ എന്ന് കാത്തിരുന്ന് കാണാം.