സുരേഷ്ഗോപി നായകനാകുന്ന പുതിയ സിനിമയ്ക്ക് ‘ഒരിടത്തൊരു പോസ്റ്റുമാന്‍’ എന്ന് പേരിട്ടു. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, കലാഭവന്‍ മണി എന്നിവരും നായകതുല്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ഗിരീഷ്കുമാറാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അനന്യയാണ് നായിക.
ഒരു നാടിന്‍റെ നന്‍മയും നര്‍മ്മവും അവതരിപ്പിക്കുന്ന സിനിമയാണ് ഒരിടത്തൊരു പോസ്റ്റുമാന്‍. ഒരു പോസ്റ്റുമാനിലൂടെയാണ് നാട്ടിന്‍പുറത്തെ സംഭവവികാസങ്ങള്‍ പ്രേക്ഷകരില്‍ എത്തുന്നത്. ഇന്നസെന്‍റാണ് മടിയനായ പോസ്റ്റുമാനായി വേഷമിടുന്നത്. പോസ്റ്റുമാന്‍റെ കഠിനാദ്ധ്വാനിയായ മകനായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു. യാസിന്‍ മുബാറക് എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ വേഷമാണ് സുരേഷ്ഗോപിയുടേത്.
ഷേക്സ്പിയര്‍ എം എ മലയാളം എന്ന സിനിമ ഒരുക്കിയ ഇരട്ട സംവിധായകരില്‍ ഒരാളാണ് ഷാജി അസീസ്. നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു ഗ്രാമീണ കഥ പറയാനാണ് ഷാജി ശ്രമിക്കുന്നത്. വെറുതെ ഒരു ഭാര്യ, കാണാക്കണ്‍മണി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കെ ഗിരീഷ്കുമാര്‍ രചന നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
നാടോടികള്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ തരംഗമായി മാറിയ അനന്യ ഒരിടത്തൊരു പോസ്റ്റുമാനിലൂടെ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. നിള ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. തൊടുപുഴയാണ് പോസ്റ്റുമാന്‍റെ പ്രധാന ലൊക്കേഷന്‍.