ശരത്കുമാര് നായകനാകുന്ന ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ഫ്ലിക്ക് ‘ജഗ്ഗുഭായ്’ സണ്‍ പിക്ചേഴ്സ് വിതരണത്തിനെത്തിക്കും. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രേയ സരണാണ് നായിക. വന്‍ തുകയ്ക്കാണ് സണ്‍ ജഗ്ഗുഭായിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ഹിറ്റ് ആകാന്‍ സാധ്യതയുള്ള സിനിമകള്‍ മണത്തറിയാന്‍ സണ്‍ പിക്ചേഴ്സിന് ഒരു പ്രത്യേക വിംഗ് തന്നെയുണ്ട്. അടുത്തകാലത്ത് മികച്ച വിജയം നേടിയ ‘നിനൈത്താലേ ഇനിക്കും’ പ്രദര്‍ശനത്തിനെത്തിച്ചത് സണ്‍ ആണ്. ‘ജബ് വീ മെറ്റ്’ എന്ന ഹിന്ദി മെഗാഹിറ്റിന്‍റെ റീമേക്കായ ‘കണ്ടേന്‍ കാതലായ്’ വിതരണം ചെയ്യുന്നതും സണ്‍ പിക്ചേഴ്സാണ്. വിജയ് നായകനാകുന്ന ‘വേട്ടൈക്കാരന്‍’ റിലീസ് ചെയ്യുന്നതും സണ്‍ തന്നെ.
ഇന്‍റര്‍പോളിലെ ഉന്നത ഉദ്യോഗസ്ഥനായാണ് ശരത്കുമാര്‍ ജഗ്ഗുഭായിയില്‍ അഭിനയിക്കുന്നത്. ശരത്തിന്‍റെ മകളായി ശ്രേയ അഭിനയിക്കുന്നു. കൌണ്ടമണിക്കും മികച്ച ഒരു വേഷമാണ് ഈ ചിത്രത്തില്‍. രജനീകാന്തിനെ നായകനാക്കി കെ എസ് രവികുമാര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ജഗ്ഗുഭായ്. എന്നാല്‍ യന്തിരന്‍റെ തിരക്കിലായതിനാല്‍ ജഗ്ഗുഭായിയില്‍ സഹകരിക്കാന്‍ കഴിയില്ലെന്ന് രജനി വ്യക്തമാക്കിയതോടെയാണ് ശരത്കുമാര്‍ നായകസ്ഥാനത്തേക്കു വന്നത്.
എ ആര്‍ റഹ്‌മാന്‍റെ സഹായിയായ റാഫിയാണ് ജഗ്ഗുഭായിക്ക് സംഗീതം നല്‍കുന്നത്. റഹ്‌മാന്‍ തന്നെയാണ് റാഫിയെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്. റഡാന്‍ മീഡിയാവര്‍ക്സും സീ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ജഗ്ഗുഭായ് നിര്‍മ്മിക്കുന്നത്. വമ്പന്‍ ഹിറ്റുകളായ ദശാവതാരത്തിനും ആദവനും ശേഷം കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജഗ്ഗുഭായ്.
ചേരന്‍ പാണ്ഡ്യന്‍, ഊര്‍ മര്യാദൈ, ബാന്‍ഡ് മാസ്റ്റര്‍, നാട്ടാമൈ, നട്പുക്കാക, പാട്ടാളി, സമുദ്രം, പാറൈ എന്നീ സിനിമകളാണ് കെ എസ് രവികുമാര്‍ - ശരത്കുമാര്‍ ടീമിന്‍റേതായുള്ളത്.