മോഹന്ലാല് - ജോഷി ടീമിന്‍റെ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്ന് യുവ സൂപ്പര്‍താരം പൃഥ്വിരാജ് പിന്‍മാറി. പൃഥ്വി പിന്‍മാറി മണിക്കൂറുകള്‍ക്കകം ആ വേഷത്തിലേക്ക് ജനപ്രിയതാരം ദിലീപിനെ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തി. ജോഷിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പൃഥ്വിയുടെ പിന്‍മാറ്റമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
റോബിന്‍ഹുഡിന് ശേഷം ജോഷി ഒരുക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മോഹന്‍ലാല്‍, സുരേഷ്ഗോപി, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ അഭിനയിക്കും എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്. ഇത് ഒരു ഗുണ്ടാകുടുംബത്തിന്‍റെ കഥയാണെന്നും മോഹന്‍ലാലിന്‍റെ സഹോദരനായാണ് പൃഥ്വി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തന്‍റെ അനുമതി ചോദിക്കാതെയാണ് ജോഷി ‘പൃഥ്വിരാജ് അഭിനയിക്കുന്നു’ എന്ന് പ്രഖ്യാപിച്ചതെന്ന് ആരോപിച്ചാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ പൃഥ്വി തീരുമാനിച്ചതെന്ന് അറിയുന്നു.
പൃഥ്വിരാജ് പിന്‍മാറിയതോടെ ആ വേഷത്തിലേക്ക് ദിലീപിനെ ജോഷി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ അനുജന്‍റെ വേഷത്തിലാണ് ദിലീപ് അഭിനയിക്കുക. ജോഷിയുടെ ട്വന്‍റി20യിലും മോഹന്‍ലാലിന്‍റെ സഹോദരനായാണ് ദിലീപ് വേഷമിട്ടത്.
PRO
നവംബര്‍ ഏഴിനാണ് ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ ചിത്രീകരണം ആരംഭിക്കുക. കോട്ടയമാണ് പ്രധാന ലൊക്കേഷന്‍. ഗുണ്ടാകുടുംബത്തെ നയിക്കുന്നത് മോഹന്‍ലാലിന്‍റെ കഥാപാത്രമാണ്. ഈ നാല്‍വര്‍ സംഘത്തിന്‍റെ പടയോട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. ട്വന്‍റി-20ക്ക് ശേഷം സിബി-ഉദയന്‍മാരുടെ തിരക്കഥയില്‍ ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണിത്. വര്‍ണചിത്ര സുബൈറും, മെഡിമിക്സ് അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും.
മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. സംഘം, ലേലം, നസ്രാണി തുടങ്ങിയവയാണ് ഈ ഗണത്തില്‍ പെടുത്താവുന്ന മറ്റ് ജോഷിച്ചിത്രങ്ങള്‍.
വാല്‍ക്കഷണം: പെരുമഴക്കാലം, ആഗതന്‍ എന്നീ സിനിമകളില്‍ ആദ്യം നായകനായി ആലോചിച്ചത് പൃഥ്വിരാജിനെയാണ്. പൃഥ്വി മാറിയപ്പോള്‍ പകരം ദിലീപ് എത്തി. ഇപ്പോഴിതാ ക്രിസ്ത്യന്‍ ബ്രദേഴ്സിലും കഥ ആവര്‍ത്തിച്ചിരിക്കുന്നു. ഇതിനെയാണ് ‘മനഃപൂര്‍വ്വമുള്ള യാദൃശ്ചികത’ എന്നു പറയുന്നത്.