ഇത്തവണത്തെ ഇന്ത്യന്‍ പനോരമയില്‍ മലയാള സിനിമകള്‍ക്ക് കടുത്ത അവഗണന. മലയാളത്തില്‍ നിന്ന് രണ്ടു ചിത്രങ്ങളെ മാത്രമാണ് പനോരമയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘കുട്ടിസ്രാങ്ക്’, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘കേശു’ എന്നീ ചിത്രങ്ങളാണ് പനോരമയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാള ചിത്രങ്ങള്‍ക്ക് ഇത്രയും അവഗണന അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. കേശു ബാലചിത്ര വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍, മുഖ്യധാരയില്‍ കുട്ടിസ്രാങ്കിന് മാത്രമാണ് പനോരമയില്‍ സെലക്ഷന്‍ കിട്ടിയിരിക്കുന്നതെന്ന് മനസിലാക്കാനാവും.
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഒരു പെണ്ണും രണ്ടാണും, ടി വി ചന്ദ്രന്‍റെ ഭൂമി മലയാളം, പ്രിയനന്ദനന്‍റെ സൂഫി പറഞ്ഞ കഥ, ഹരിഹരന്‍റെ പഴശ്ശിരാജ, രഞ്ജിത്തിന്‍റെ കേരളാ കഫേ തുടങ്ങിയ സിനിമകള്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
മലയാളത്തില്‍ നിന്ന് പേരിനുമാത്രം രണ്ടു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹിന്ദിയില്‍ നിന്ന് അഞ്ചും, ബംഗാളിയില്‍ നിന്ന് ആറും ചിത്രങ്ങളാണ് പനോരമയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ നിന്ന് ഏഴു ചിത്രങ്ങളാണ് പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.