ചെന്നൈയിലെ ശാസ്ത്രിനഗറില്‍ കൂട്ടാളികളുമൊന്നിച്ച് വേശ്യാവൃത്തി നടത്തിയതിന് പൊലീസ് കസ്റ്റഡിയിലായ നടി ഭുവനേശ്വരിക്ക് ചെന്നൈയിലെ സൈദാപേട്ട് കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. രണ്ടാമത്തെ തവണയാണ് ഭുവനേശ്വരി ജാമ്യാപേക്ഷ കോടതിയില്‍ നല്‍കുന്നത്. ആദ്യത്തെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ ചെന്നൈയില്‍ ഭുവനേശ്വരിക്ക് വിലാസം ഇല്ലെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ ബോധിപ്പിക്കുകയായിരുന്നു. കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.
ഇത്തവണ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ പ്രോസിക്യൂട്ടര്‍ എതിര്‍ക്കുകയുണ്ടായില്ല എന്നറിയുന്നു. സൈദാപേട്ട് മജിസ്‌ട്രേറ്റ് ഭൂപാലനാണ് ഭുവനേശ്വരിക്ക് ജാമ്യം അനുവദിച്ചത്. കോടതിയില്‍ നിന്ന് അടുത്ത ഉത്തരവ് വരുന്നതുവരെ ശാസ്ത്രിനഗര്‍ പൊലീസ് സെക്ഷനില്‍ പോയി ദിവസവും ഒപ്പിടണം എന്നാണ് ഒരു നിബന്ധന. ചെന്നൈ വിട്ട് പുറത്ത് പോകാന്‍ പാടില്ലെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെപ്പോലെ പല നടിമാരും വേശ്യാവൃത്തി ചെയ്യുന്നുണ്ടെന്നും വേശ്യാലയങ്ങള്‍ നടത്തുന്നുണ്ടെന്നും ഭുവനേശ്വരി പൊലീസിനോട് പറഞ്ഞത് തമിഴ്നാട്ടില്‍ എറെ വിവാദം ഉണ്ടാക്കിയിരുന്നു. ഭുവനേശ്വരി പൊലീസിന് നല്‍കിയ നക്ഷത്രവേശ്യാ ലിസ്റ്റെന്ന പേരില്‍ മലയാളി നടിമാര്‍ അടക്കമുള്ള ചില സീനിയര്‍ നടിമാരുടെ ഫോട്ടോയും പേരും തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
‘നക്ഷത്രവേശ്യാ ലിസ്റ്റ്’ പ്രസിദ്ധീകരിച്ച ദിനമലര്‍ ന്യൂസ് എഡിറ്ററെ, തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ നിര്‍ബന്ധത്താല്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാധ്യമങ്ങളും താരങ്ങളും തുറന്ന യുദ്ധത്തിലാണ്. ഈ അവസ്ഥയില്‍ ഭുവനേശ്വരിയുടെ ജാമ്യത്തിന് ഏറെ വാര്‍ത്താ പ്രാധാന്യമുണ്ട്. തനിക്ക് ജാമ്യം കിട്ടിയാല്‍ ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്ന് ഭുവനേശ്വരി പറഞ്ഞിരുന്നു.
ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള പുഴല്‍ ജയിലില്‍ നിന്ന് ഭുവനേശ്വരി വരുന്നതും കാത്തിരിക്കുകയാണ് മാധ്യമങ്ങളും താരങ്ങളും. ആരൊക്കെ വേശ്യാവൃത്തി ചെയ്യുന്നുണ്ടെന്ന് ചുഴിഞ്ഞറിയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുക. എന്നാല്‍ താരങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് ഭുവനേശ്വരിയെ തടയാന്‍ താരങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കും.