ഒരു കാലത്ത് ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി മലയാളത്തില്‍ സജീവമായിരുന്ന ഉലകനായകന്‍ കമലഹാസന്‍ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ‘വയനാടന്‍ തമ്പാന്‍’ എന്ന പഴയ സിനിമ മലയാളത്തില്‍ തന്നെ റീമേക്ക് ചെയ്യാനാണ് കമലിന്‍റെ പരിപാടി. നായകനായി കമല്‍ തന്നെ അഭിനയിക്കും.
എ വിന്‍സന്‍റിന്‍റെ സംവിധാനത്തില്‍ 1978ല്‍ പുറത്തുവന്ന ചിത്രമാണ് വയനാടന്‍ തമ്പാന്‍. വി ടി നന്ദകുമാറിന്‍റെ രചനയില്‍ വിന്‍സന്‍റ് ചമച്ച ഈ ചലച്ചിത്ര കാവ്യത്തിന് സംഗീതം നല്‍കിയത് ദേവരാജനാണ്. കമലിനെ കൂടാതെ ജനാര്‍ദ്ദനന്‍, ബാലന്‍ കെ നായര്‍, ആലുമ്മൂടന്‍, ലത, മല്ലിക തുടങ്ങിയവര്‍ അഭിനയിച്ചു. അന്നത്തെ ആ ഹിറ്റ് ചിത്രത്തിന് മലയാളത്തില്‍ തന്നെ പുതിയ ഭാഷ്യമൊരുക്കാനാണ് കമലഹാസന്‍ ശ്രമിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യം കമലഹാസന്‍റെ മേല്‍നോട്ടത്തില്‍ വയനാടന്‍ തമ്പാന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സൂചനയുണ്ട്. സംവിധായകന്‍ ആരെന്ന് കമല്‍ തീരുമാനിക്കും. മലയാളത്തിലേക്കു വരണമെന്ന് സൂപ്പര്‍താരം മോഹന്‍ലാലും കമലഹാസനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ അഭ്യര്‍ത്ഥന മാനിച്ചാണ് കമല്‍ തന്‍റെ വേഗത്തിലാക്കിയതെന്ന് അറിയുന്നു.
വ്രതം, ഈറ്റ, മദനോത്സവം, കന്യാകുമാരി, വേളാങ്കണ്ണി മാതാവ്, ലേഡീസ് ഒണ്‍ലി, ചാണക്യന്‍, ആനന്ദം പരമാനന്ദം, പൊന്നി, ഓര്‍മ്മകള്‍ മരിക്കുമോ, വിഷ്ണുവിജയം, രാസലീല, ഡെയ്സി തുടങ്ങിയവയാണ് കമലഹാസന്‍ അഭിനയിച്ച പ്രധാന മലയാള സിനിമകള്‍.