ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാനും മലയാളത്തിന്‍റെ നടനേതിഹാസം മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒരുമിക്കുന്നു. ലാലിന്‍റെ അടുത്ത സുഹൃത്തും ബോളിവുഡിലെ സൂപ്പര്‍ സംവിധായകനുമായ പ്രിയദര്‍ശന്‍ ഒരുക്കുന്ന ഹിന്ദിചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നപോലെ ഇതൊരു തട്ടുപൊളിപ്പന്‍ ബോളിവുഡ് ചിത്രമല്ല.
എയിഡ്സ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പ്രിയന്‍ ചിത്രമൊരുക്കുന്നത്. ആദ്യം അക്ഷയ് കുമാറിനെയായിരുന്നു ചിത്രത്തില്‍ മുഖ്യവേഷത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നതെങ്കിലും അവസാന നിമിഷം അക്ഷയ് പിന്‍മാറുകയായിരുന്നു.
എന്നാല്‍ ചിത്രത്തിന്‍റെ കഥ കേട്ട അമീര്‍ അഭിനയിക്കാമെന്ന് സമ്മതം മൂളുകയായിരുന്നുവെന്ന് പ്രിയന്‍ പറഞ്ഞു. അമീറിനൊപ്പം ഇതാദ്യമായാണ് പ്രിയന്‍ ഒരു ചിത്രത്തില്‍ സഹകരിക്കുന്നത്. കാഞ്ചീവരം നല്‍കിയ പ്രചോദനമാണ് ഓഫ് ബീറ്റ് സീനിമകളെടുക്കാന്‍ തനിക്ക് ധൈര്യം തന്നതെന്നും പ്രിയന്‍ പറഞ്ഞു.
ഇപ്പോള്‍ അജയ് ദേവ്‌ഗണ്‍, അക്ഷയ് ഖന്ന എന്നിവരെ നായകന്‍മാരാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കിലാണ് പ്രിയന്‍. അമീറാകട്ടെ ത്രീ ഇഡിയറ്റ്സ് പൂര്‍ത്തീകരിക്കുന്ന തിരക്കിലും. ഇതിനുശേഷമായിരിക്കും അമീര്‍-ലാല്‍-പ്രിയന്‍ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക.
എയ്ഡ്സ് ബോധവത്കരണം ലക്‍ഷ്യമിട്ടുള്ള ഈ സിനിമയ്ക്ക് ചെലവ് ഒരുകോടി രൂപ മാത്രമാണ്. പെര്‍സെപ്റ്റ് പിക്ചര്‍ കമ്പനിയാണ് നിര്‍മ്മാണം. അമീറിനെയും മോഹന്‍ലാലിനെയും കൂടാതെ ആറോളം താരങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിലുള്ളത്.