മലയാളത്തിലെ മറ്റേത് നടനേക്കാളും തമിഴില്‍ മാര്‍ക്കറ്റുള്ള നടനാണ് മമ്മൂട്ടി. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ മലയാളം ഹിറ്റ് സിനിമകളെല്ലാം മൊഴിമാറ്റി തമിഴകത്തില്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്. ഏറ്റവുമവസാനം മൊഴിമാറിവന്ന സിനിമ രൌദ്രം ആയിരുന്നു. ‘നരി’ എന്ന പേരിലാണ് രൌദ്രം എത്തിയത്.
ഇപ്പോള്‍ മമ്മൂട്ടിയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി തമിഴില്‍ മൊഴി മാറി എത്തുകയാണ്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ രാജമാണിക്യമാണ് തമിഴില്‍ പഴനിരാജയായി എത്തുന്നത്. രമേഷ് കണ്ണനാണ് ചിത്രത്തെ തമിഴ് പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നത്, നേരത്തെ രായമാണിക്യം എന്ന പേരില്‍ തന്നെ ചിത്ര മൊഴിമാറ്റി ഇറക്കാനായിരുന്നു തീരുമാനമെങ്കിലും അവസാന നിമിഷം പേര് പഴനിരാജ എന്നാക്കുകയായിരുന്നു.
പഴനിരാജ ഉള്‍പ്പെടെ ഒരുപിടി തമിഴ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത്. മമ്മുട്ടി-ശരത് കുമാര്‍ ടീമിന്‍റെ പഴശ്ശിരാജ, മമ്മൂട്ടി-അര്‍ജുന്‍ എന്നിവര്‍ ഒരുമിക്കുന്ന അറുവടൈ, യുവസംവിധായകനായ സഞ്ജയ് റാം ഒരുക്കുന്ന ‘ലിംഗം’, യുവതാരം ഭരത് അഭിനയിക്കുന്ന സിനിമ എന്നിവയാണ് മമ്മൂട്ടിയുടെ പുറത്തുവരാനിരിക്കുന്ന തമിഴ് പ്രൊജക്ടുകള്‍.