ജെയിംസ് ആല്‍ബെര്‍ട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരാധകരുടെ തിക്കും തിരക്കും കാരണം മുടങ്ങി. ചേന്ദമംഗലം പാലിയം നടയില്‍ നടക്കേണ്ട ഷൂട്ടിംഗാണ് ആരാധകരുടെ ശല്യം കാരണം കുളമായത്. ആരാധകരുടെ ശല്യം അതിരുകടന്നപ്പോള്‍ ഷൂട്ടിംഗ് ഉപേക്ഷിച്ച് മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും സംഘവും മടങ്ങുകയും ചെയ്തു.
ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമയാണ് 'കര്‍ഷകശ്രീ'. തിലകനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ കുറച്ച് നാളുകളായി ചേന്ദമംഗലത്ത് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത തിക്കും തിരക്കും ലാല്‍ വന്നതോടെ ഉണ്ടാവുകയായിരുന്നു.
കോടനാട് പഞ്ചായത്ത് ഓഫീസാക്കി മാറ്റിയ ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് ലാല്‍ നടന്നുവരുന്നതും സെക്രട്ടറിക്ക് അപേക്ഷ നല്‍കുന്നതുമായ രംഗങ്ങളാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ലാല്‍ കാറില്‍ എത്തിയതോടെ, കാത്തുനിന്നിരുന്ന ആരാധകര്‍ ഇരച്ചുകയറി. പൊലീസും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആവുന്നത്ര പറഞ്ഞ് നോക്കിയെങ്കിലും ആരാധകര്‍ മാറിയില്ല.
പൊലീസ് ബലം പ്രയോഗിച്ചെങ്കിലും ആരാധകര്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചതോടെ ഷൂട്ടിംഗ് സംഘം ചേന്ദമംഗലം പാലിയം നടയില്‍ നിന്ന് പിന്മാറി. ലാലിനോടൊപ്പം നടന്‍ അശോകനും ഉണ്ടായിരുന്നു. ആരാധകര്‍ ഇങ്ങനെ ശല്യം ഉണ്ടാക്കുകയാണെങ്കില്‍ ലൊക്കേഷന്‍ വേറെ നോക്കാന്‍ റോഷന്‍ ആന്‍ഡ്രൂസിനോട് പറഞ്ഞതായിട്ടാണ് സൂചന.