പൃഥ്വിരാജ് ജയില്‍ ഡോക്ടറായി അഭിനയിക്കുന്നു. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘വീട്ടിലേക്കുള്ള വഴി’ എന്ന ചിത്രത്തിലാണ് പൃഥ്വി ജയില്‍ ഡോക്ടറാകുന്നത്. ‘ഒരു ഇന്ത്യന്‍ സിനിമ’ എന്നു വിശേഷിപ്പിക്കാവുന്ന വീട്ടിലേക്കുള്ള വഴി ഏഴു സംസ്ഥാനങ്ങളിലായാണ് ചിത്രീകരിക്കുന്നത്.
രാമന്‍ എന്ന സിനിമയ്ക്ക് ശേഷം ബിജുവിന്‍റെ മറ്റൊരു പരീക്ഷണമാണിത്. മലയാളം, ഹിന്ദി, ഉറുദു എന്നീ ഭാഷകള്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഒരു തീവ്രവാദിയുടെ മകനെ അവന്‍റെ രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാനായി ജയില്‍ ഡോക്ടര്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് കേരളത്തിലുള്ളത്.
മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലായി ചിത്രം പൂര്‍ത്തിയാകും. ലഡാക്ക് ഫെസ്റ്റിവലും രാജസ്ഥാനിലെ പുഷ്കര്‍ മേളയും ഈ സിനിമയ്ക്കായി ചിത്രീകരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ബിജു ഈ സിനിമയുടെ തിരക്കഥാ ജോലികളിലായിരുന്നു. കഥ കേട്ടയുടന്‍ ഈ സിനിമ ചെയ്യാമെന്ന് പൃഥ്വിരാജ് സമ്മതിക്കുകയായിരുന്നു.
അഞ്ച് ഷെഡ്യൂളുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന വീട്ടിലേക്കുള്ള വഴിയുടെ ഛായാഗ്രഹണം എം ജെ രാധാകൃഷ്ണനാണ്. ജാസി ഗിഫ്റ്റാണ് സംഗീതം. ഒക്ടോബര്‍ 20ന് ലഡാക്കില്‍ ചിത്രീകരണം ആരംഭിക്കും.